മദ്യപിച്ച് വീട്ടിലുണ്ടാക്കുന്ന പൊല്ലാപ്പില്‍ പൊറുതിമുട്ടി ഭര്‍ത്താവിനെ കിടപ്പുമുറിയിലെ കട്ടിലില്‍ കെട്ടിയിട്ട് വീട്ടമ്മ. മരുമകള്‍ നാടന്‍ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ച് ഭര്‍ത്താവിന്‍റെ അമ്മ പൊലീസിനെ സമീപിച്ചത് കുടുംബപ്രശ്നത്തില്‍ വിഴിത്തിരിവായി. ഇതു തെളിയിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വിഡിയോയും ഹാജരാക്കിയിട്ടുണ്ട് .
റസൂലപൂര്‍ സ്വദേശിനിയായ സോമി എന്ന വീട്ടമ്മയാണ് മദ്യപാനിയായ ഭര്‍ത്താവ് പ്രദീപിനെ കട്ടിലിൽ കെട്ടിയിട്ടത്. സംഭവം അറിഞ്ഞയുടന്‍ അയാളുടെ അമ്മ സുമനും ഗ്രാമവാസികളും വീട്ടിലേക്ക് ഓടിയെത്തി പ്രദീപിനെ മോചിപ്പിച്ചു. സോമി നിയമവിരുദ്ധമായി പിസ്റ്റള്‍ കൈവശം വയ്ക്കുന്നുണ്ടെന്നും അത് മകനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചുവെന്നും ആരോപിച്ചാണ് സുമന്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. മരുമകള്‍ തോക്ക് പിടിച്ചിരിക്കുന്ന ഒരു ഫൊട്ടോയും തെളിവായി അമ്മായി അമ്മ ഹാജരാക്കി. ഇരുവരും വിവാഹിതരായിട്ട് നാല് വര്‍ഷമായെന്നും രണ്ട് വര്‍ഷമായെന്നും മരുമകള്‍ തുടര്‍ച്ചയായി ഉപദ്രവിക്കാറുണ്ടെന്നും അമ്മായിയമ്മ പരാതിപ്പെട്ടു.
മരുമകൾ പ്രദീപിനെ ശാരീരികമായി ആക്രമിക്കുകയുംം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് തെളിയിക്കാന്‍ ഒരു വിഡിയോയാണ് പ്രദീപിന്‍റെ അമ്മ സുമൻ ഹാജരാക്കിയത് . സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വിഡിയോയില്‍ വീട്ടമ്മ ഭര്‍ത്താവിനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നതും കുടുംബാംഗങ്ങൾ വഴക്കിടുന്നതും ദൃശ്യമാണ്. അതേസമയം മദ്യപിച്ചെത്തുന്ന പ്രദീപ് താനുമായി മാത്രമല്ല അയല്‍ക്കാരുമായും വഴക്കിടുന്നത് പതിവാണെന്നാണ് ഭാര്യയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് കട്ടിലിൽ കെട്ടിയിട്ടതെന്നാണ് സോമിയുടെ വാദം. വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ തപ്പൽ പോലീസ് വീട്ടമ്മയെ ചോദ്യം ചെയ്തു.