fake-video-duvai

ദുബായില്‍ സോഷ്യല്‍ മീഡിയയിലെ ലൈവ് സ്ട്രീമിങിനിടെ, മിസൈല്‍ ആക്രമണത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള യുവതി കൊല്ലപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് എക്സ്. എഐ ഉപയോഗിത്ത് സൃഷ്ടിച്ചതോ വ്യാജമോ അല്ലെങ്കില്‍ പഴയതോ ആയ ദൃശ്യങ്ങളാണ് ഇതെന്ന് എക്സ് അറിയിച്ചു. ഫാക്ട് ചെക്കേഴ്സും എക്സ് ഉപയോക്താക്കളും ഇതിനകം വിഡിയോ ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28 ന് ദുബായിലും അബുദാബിയിലും ഉണ്ടായ ഇറാന്‍ ആക്രമണങ്ങള്‍ക്കിടയിലാണ് വിഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്.

25 സെക്കന്‍ഡോളം മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയാണ് എക്സിലൂടെയടക്കം പ്രചരിക്കുന്നത്. ഒരു യുവതി ലൈവ് സ്ട്രീമിങ് ഓണ്‍ ചെയ്ത് ക്യാമറയില്‍ സംസാരിക്കുന്നത് വിഡയോയില്‍ കാണാം. പൊടുന്നനെ ശബ്ദം കേള്‍ക്കുകയും യുവതി എഴുന്നേല്‍ക്കുകയും ചെയ്യുന്നു. പിന്നാലെ സ്ഫോടനമുണ്ടാകുകയും ലൈവ് സ്ട്രീമിങ് അവസാനിക്കുന്നതുമാണ് വിഡിയോയില്‍ ഉള്ളത്. എക്സില്‍ അടക്കം ഈ വിഡിയോ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വിഡിയോ പരിഭ്രാന്തി പരത്തി. പിന്നാലെയാണ് സ്ഥിരീകരിക്കപ്പെടാത്ത വിഡിയോകളും വിവരങ്ങളും പങ്കുവയ്ക്കുന്നതിലെ അപകടങ്ങൾ എടുത്തുകാണിച്ച് എക്സ് വിഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ ജോലി ചെയ്തുവന്നിരുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള മറ്റൊരു യുവതി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് ഇസ്രയേലിലെ ഫിലിപ്പീൻസ് എംബസി പ്രസ്താവനയിൽ അറിയിച്ചു. 2019 മുതൽ ഇസ്രായേലിൽ ജോലി ചെയ്തു വരികയായിരുന്ന മേരി ആൻ വി. ഡി വെറയാണ് കൊല്ലപ്പെട്ടത്.

അതേസമയം, സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വ്യാജ വിഡിയോകള്‍ക്കെതിരെ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. യുഎഇയിലെ നിലവിലെ സാഹചര്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന പല ദൃശ്യങ്ങളും പഴയതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. ചില ദൃശ്യങ്ങൾ മുൻകാല തീപിടുത്തങ്ങളുടേതാണെന്നും ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഔദ്യോഗിക ചാനലുകളെയും സ്ഥിരീകരിച്ച ഉറവിടങ്ങളെയും മാത്രം വിവരങ്ങൾക്കായി ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്താല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY:

Social media platform X has flagged a viral video claiming a Filipina woman was killed during a live stream in Dubai amid recent Iranian strikes as fake. Fact-checkers confirmed the 25-second clip is either AI-generated or recycled footage intended to cause panic during the Middle East crisis. While this specific video is false, the Philippine Embassy in Israel confirmed the tragic death of Mary Anne V. Di Vera, a Filipina worker, during a missile strike in Tel Aviv. UAE authorities, including the Sharjah Government Media Bureau, have warned residents against sharing misleading old footage of fires or explosions. As of March 3, 2026, legal action will be taken against those spreading misinformation. Always rely on official government channels for verified security updates in the Gulf region.