renu-sudhi-kichu

അടുത്തിടെയാണ് താന്‍ കാന്‍സര്‍ ബാധിതയാണെന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി തുറന്നു പറയുന്നത്. എന്നാല്‍ രോഗബാധിതയാണെന്ന് അറിഞ്ഞിട്ടും കിച്ചു സുധി തന്നെ കാണാൻ വന്നില്ലെന്ന സങ്കടം പങ്കുവയ്ക്കുകയാണ് രേണു സുധി. പതിനൊന്ന് വയസ്സ് തൊട്ട് താൻ നോക്കിയ കുട്ടിയായിട്ടും കിച്ചു തിരിഞ്ഞു നോക്കിയില്ലെന്നും എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. താനിത് പറഞ്ഞാല്‍ വിവാദമാകുമെന്ന് അറിയാം. വിവാദം ആക്കാൻ പറഞ്ഞതല്ല, എനിക്ക് അവനോട് പ്രശ്നമൊന്നും ഇല്ലെന്നും രേണു വ്യക്തമാക്കുന്നു. 

‘ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. പതിനൊന്ന് വയസ്സ് തൊട്ട് നോക്കിയ കുട്ടിയുണ്ട്. അവന്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് അറിയാം. വിവാദം ആക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും അത് വിവാദമാക്കരുത്. എന്‍റെ റിതപ്പന്‍ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു. എന്തോ ആകട്ടെ, കിടക്കയില്‍ കിടക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ?’– രേണു പറയുന്നു.

തന്നെ എത്രയോ പേര്‍ പലയിടത്തുനിന്നും കാണാന്‍ വരുന്നുണ്ടെന്നും ഇന്‍ഫഷന്‍ ഉണ്ടാകുന്നതു കൊണ്ട് മാസ്ക് വച്ച് വാതിലില്‍ക്കല്‍ വന്ന് കണ്ടിട്ടാണ് അവര്‍ പോകുന്നതെന്നും രേണു പറഞ്ഞു. ഒത്തിരിപേര്‍ താങ്ങായി നില്‍ക്കുന്നു. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ലെന്നും രേണു പറയുന്നു. ‘എന്റെ ചേച്ചി, ചേട്ടൻ, അമ്മ, പപ്പ ഞാനൊന്ന് കരയുമ്പോൾ അവർ ഓടിവരും. ഒരുപാട് പേര്‍ എന്നെ സ്നേഹിക്കുന്നു. അതിനിടയില്‍ വാശി കയറി വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല. ആർക്കും ഈ രോഗം വരരുത് എന്നാണ് ഞാൻ പ്രാർഥിക്കുന്നത്’– രേണു പറഞ്ഞു.

തന്‍റെ രോഗാവസ്ഥയും വിവരിച്ച രേണു, കാൻസറിനെ എനിക്ക് പേടിയില്ല പക്ഷേ തന്‍റെ കൂടെ നില്‍ക്കുന്നവര്‍ക്കുണ്ടാകുന്ന വേദനയാണ് സഹിക്കാന്‍ പറ്റാത്തതെന്നും വ്യക്തമാക്കി. ‘എനിക്കു നേരെ ഇരിക്കാൻ വയ്യ, ഇരുന്നാൽ ഛർദ്ദിക്കും. തലകറക്കം. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, വീട്ടുകാര്‍, ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ... എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര്‍ ഉണ്ട്. പ്രത്യേകിച്ച് കരിഷ്‍മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേര്‍. അവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്’– രേണു പറയുന്നു.

‘എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം. കീമോക്ക് മുന്നേ തുടയിൽ ഒരു മരുന്ന് കുത്തി. ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. ഇത്തിരി ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവയ്ക്കണം. ഞാനൊരു ഊഹം വച്ച് മനസ്സിലാക്കിയതാണ്. മയങ്ങാനായി ഇൻജക്ഷൻ തന്നിരുന്നു. ആ സമയത്ത് ചേച്ചിയും ചേട്ടനും നഴ്സുമാരുമൊക്കെ ഉണ്ടായിരുന്നു. കീമോ കഴിഞ്ഞ് ഉണർന്നപ്പോൾ ക്ഷീണമായിരുന്നു. അപ്പോൾ ഭക്ഷണം കഴിക്കണം എന്നു പറഞ്ഞിരുന്നു. അതുകഴിഞ്ഞ് വീൽചെയറിൽ വീട്ടിൽ കൊണ്ടുവന്നു. പിന്നെ തളർച്ചയാണ്. ശരീരമാസകലം വേദനയാണ്. നടുവേദന, തലവേദന. ഓക്കാനവും വരുന്നുണ്ടായിരുന്നു. പക്ഷേ ഛർദിച്ചില്ല. ഇന്നലെ വൈകീട്ട് ഇൻജക്ഷൻ എടുക്കാനുണ്ടായിരുന്നു. ആ ഇൻജക്ഷൻ എടുക്കാൻ ചെന്നതും എടുത്തതും ഓർമയുണ്ട്. പിന്നെ തലകറങ്ങി വീണു. ഛർദിച്ച് അവശയായി’– രേണു പറഞ്ഞു.

വീട്ടിൽ വന്നാൽ ഉറങ്ങാൻ പറ്റത്തില്ലെന്ന് പറഞ്ഞ രേണു വീട്ടുകാരെ ഉറക്കത്തില്ല, എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം എന്നും പറയുന്നു. ‘എന്നെ കുറ്റം പറയുന്നവരോട് ഒരുകാര്യം, ആശുപത്രിയിൽ വന്നപ്പോൾ അറ്റൻഡേഴ്സ് പറഞ്ഞൊരു കാര്യമുണ്ട്. രോഗികളുടെ ബൈസ്റ്റാൻേഡഴ്സിനോട് ഒരിക്കലും മാറി നിൽക്കാൻ പറയില്ല, അതാണ് ഈ രോഗത്തിന്റെ വ്യാപ്തി. നിങ്ങൾ കുറ്റം പറയുന്നവർ എന്തുകണ്ടിട്ടാണ് പറയുന്നത്. ഒരു നിമിഷം മതി ഈ രോഗം വരാൻ. എന്റെ ശത്രുക്കൾക്കുപോലും ഈ രോഗം വരുത്തരുതേ എന്നാണ് പ്രാർഥിക്കുന്നത്. എന്റെ മനോബലം കൊണ്ടാണ് ഇത്രയെങ്കിലും പറയുന്നത്. പ്രാർഥിച്ചില്ലെങ്കിലും ശപിക്കാതിരിക്കുക. എനിക്കൊരു കുഞ്ഞുണ്ട്. ഒരാഴ്ചയായി അവനൊന്ന് ചിരിച്ചിട്ട്. അതോർക്കുമ്പോഴും സങ്കടമുണ്ട്’– രേണു പറഞ്ഞ് നിര്‍ത്തുന്നു.

അടുത്തിടെയാണ് തനിക്ക് കാന്‍സറാണെന്ന് രേണു സുധി തുറന്നു പറയുന്നത്. മുന്‍പു തന്നെ രേണുവിന്‍റെ അസുഖത്തെ കുറിച്ച് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ഒടുവില്‍ രേണു തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. സ്തനാര്‍ബുദമാണെന്നും അസുഖം അതിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും രേണു പറയുകയുണ്ടായി. മാത്രമല്ല രോഗത്തിന്‍റെയും ചികില്‍സയുടെയും എല്ലാ കാര്യങ്ങളും രേണു തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്.

ENGLISH SUMMARY:

Social media influencer Renu Sudhi recently posted an emotional video updating her followers on her ongoing battle with stage three breast cancer. In the viral footage, she expressed deep heartbreak over the fact that Kichu Sudhi, whom she raised since he was eleven years old, has not visited her in the hospital despite her critical health condition. While acknowledging that her public statements might spark unwanted social media controversies, she clarified that her intent was not to create drama but to address frequent queries from concerned fans. Renu detailed the painful physical toll of her extensive medical regimen, describing severe side effects from chemotherapy sessions including intense nausea, dizziness, and bodily exhaustion. She explained that expensive antibody injections form a major part of her seventeen-cycle treatment protocol, which heavily relies on the physical and emotional support of her close siblings and mother. Concluding her raw message, the creator urged online critics to stop spreading negativity, highlighting that her main source of sadness is seeing her young child suffer emotionally during this difficult family crisis.