ചെർപ്പുളശ്ശേരി ഗവ. യു.പി. സ്കൂളിന് 25 ലക്ഷം രൂപയുടെ ബസ് അനുവദിച്ചത് ഒരു കുട്ടിപ്പോരാളിയുടെ വാക്സാമര്‍ഥ്യം കൊണ്ട്. കഴിഞ്ഞ വർഷം സ്കൂൾ വാർഷിക ഉദ്ഘാടനത്തിനെത്തിയ എംപിയോട് ഞങ്ങളുടെ യാത്രക്കായി ഒരു ബസ് അനുവദിക്കണമെന്ന് അന്ന് നാലാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന അനിരുദ്ധ് വേദിയില്‍വച്ച് ആവശ്യപ്പെട്ടു.
കുട്ടികള്‍ ചോദിച്ചാല്‍ ആരും കേള്‍ക്കുമല്ലോയെന്ന് മറുപടി പറഞ്ഞ എംപിയാവട്ടെ ബസ് അനുവദിച്ചിരിക്കുമെന്ന് അനിരുദ്ധിനും അധ്യാപകര്‍ക്കും ഉറപ്പ് നല്‍കി. അധ്യാപിക സി.ആർ. റീജ തയ്യാറാക്കിയ പ്രസംഗമാണ് അനിരുദ്ധ് അന്നവിടെ അവതരിപ്പിച്ചത്.പുലാക്കുണ്ടിൽ വീട്ടിൽ സജീവിന്റെയും സരിതയുടെയും മകനായ അനിരുദ്ധിന്റെ പ്രസംഗത്തില്‍ വീണുപോയ എംപി സ്കൂളിന് ബസ് അനുവദിച്ചു.
തന്റെ സ്കൂളിന്റെ ആവശ്യം ചുറുചുറുക്കോടെ ഉന്നയിച്ച അനിരുദ്ധിന്റെ പ്രഭാഷണശൈലി അഭിനന്ദനാർഹമാണെന്ന് എം.പി. പറഞ്ഞു. സ്‌കൂളിന് എം.പി.എൽ.എ.ഡി.എസ് പദ്ധതിപ്രകാരം ലഭിച്ച 25 ലക്ഷം രൂപയുടെ ബസ് വി.കെ. ശ്രീകണ്ഠൻ എംപി ഫ്ളാഗ് ഓഫ് ചെയ്ത വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രഭാഷണം നടത്തിയ അനിരുദ്ധിനെയും അധ്യാപിക റീജയെയും എം.പി. വേദിയിലേക്ക് വിളിച്ച് അഭിനന്ദിച്ചു.