ഇന്ന് കൂടുതല്‍ ആളുകളിലും കണ്ടു വരുന്ന ഒന്നാണ് അമിതമായ ഫോണ്‍ ഉപയോഗം. എന്നാല്‍ ഇത് വഴി ഉണ്ടാകുന്നത് ഗുണങ്ങളേക്കാളേറെ ദോഷങ്ങളാണ്. ഇടവേളകള്‍പോലുമില്ലാതെയാണ് ആളുകള്‍ ഫോണുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരില്‍ പൊതുവായി കണ്ടുവരുന്ന ഒന്നാണ് ടെക്സ്റ്റ് നെക്ക്. ഫോണ്‍ നോക്കാനായി കഴുത്ത നീട്ടി തലകുനിച്ചിരിക്കുന്ന അവസ്ഥയെ ആണ് ടെക്സ്റ്റ് നെക്ക് എന്ന് പറയുന്നത്. ഇത് വഴി കഴുത്തിനും തോളിനും അസഹ്യമായ വേദനയാണുണ്ടാവുക. മാത്രമല്ല. സമ്മര്‍ദം നിയന്ത്രിക്കാനുള്ള ഹൃദയത്തിന്റെ കഴിവിനെ ഇത് ബാധിക്കുകയും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
19 നും 45 നും ഇടയിൽ പ്രായമുള്ള 84 പേർ പങ്കെടുത്ത ഈ ഗവേഷണം, പിയർ-റിവ്യൂഡ് ജേണലായ ക്യൂറസിലാണ് പ്രസിദ്ധീകരിച്ചത്. ഈരീതിയിലുള്ള ഫോണ്‍ ഉപയോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. മാത്രമല്ല ഫോണിനോടുള്ള ആസക്തി വര്‍ധിപ്പിക്കാനും കാരണമാകുന്നു. ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം എന്നും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്. കൂടുതലായും യുവാക്കളിലാണ് ഈ അവസ്ഥ കാണുന്നത്. ദീർഘകാല മൊബൈൽ ഫോൺ ഉപയോഗം കാരണം ഇത് ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ഫോണ്‍ ഉപയോഗത്തില്‍ മാത്രമല്ല കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
എന്താണ് ടെക്സ്റ്റ് നെക്ക്
മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുമ്പോൾ തല കഴുത്തിൽ നിന്ന് മുന്നോട്ട് ചായുന്ന അസ്വാഭാവിക ശരീരഘടനയെയാണ് ടെക്സ്റ്റ് നെക്ക് എന്ന് പറയുന്നത്. കാലക്രമേണ ഇത് വിട്ടുമാറാത്ത കഴുത്ത് വേദന, തോൾ വേദന, നടുവേദന, തലവേദന, കണ്ണിന് ആയാസം, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് മാത്രമല്ല ഇങ്ങനെയിരിക്കുന്നത് വഴി നട്ടെല്ലിന് സമ്മര്‍ദമുണ്ടാവുകയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും തുടര്‍ന്ന് രക്ത സമ്മര്‍ദത്തിനും ഹൃദയമിടിപ്പിന്റെ നിരക്ക് കൂടാനും കാരണമാകുന്നു.
ഇത് മാത്രമല്ല നോമോഫോബിയ എന്ന അവസ്ഥയെക്കുറിച്ചും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഫോണിലേക്ക് ആക്സസ് ചെയ്യാന്‍ കഴിയാതെ വരുംമ്പോള്‍ ആളുകള്‍ക്ക് വെപ്രാളം, പേടി, ടെന്‍ഷന്‍ എന്നിവയുണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഒരു തരത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ ആസക്തിയാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഫോണുകൾക്ക് കൂടുതൽ അടിമപ്പെട്ടവരിൽ നോമോഫോബിയയും കൂടുതയായി കാണപ്പെടുന്നു. കൂടാതെ ശാരീരികമായും മാനസികമായുമുള്ള സമ്മർദ്ദത്തിന്റെയും അസ്വസ്ഥതയുടെയും ലക്ഷണങ്ങളും ഇത്തരക്കാരില്‍ കൂടുതലായി കാണപ്പെടും.
ഫോണിന്റെ ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അത് ഉപയോഗിക്കുമ്പോഴുള്ള ശരീരഘടന ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് പഠനം പറയുന്നു. അതായത് എങ്ങിനെ ഇരിക്കണം, നില്‍ക്കണം, നട്ടെല്ലിനും കഴുത്തിനും സമ്മര്‍ദം ഉണ്ടാകാത്ത തരത്തില്‍ ഫോണ്‍ എങ്ങിനെ പിടിക്കണം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴുത്ത് കുനിച്ച് ഫോണ്‍ ഉപയോഗിക്കുന്നതിന് പകരം നിവര്‍വ്വിരുന്ന് കണ്ണിന് നേരെ വച്ച് ഫോണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ ശ്രദ്ധ ചെലുത്തുന്നത് ശാരീരിക അസ്വസ്ഥതകള്‍, സമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തടയാൻ സഹായിക്കുമെന്നും പഠനം നിർദ്ദേശിച്ചു.