ജീവിതകാലം മുഴുവൻ ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആരോഗ്യപരമായും നിരവധി ഗുണങ്ങള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നുണ്ട്. പഠനങ്ങൾ പ്രകാരം വിവാഹിതർക്ക് കൂടുതൽ കാലം ജീവിക്കാൻ കഴിയുമെന്നും വിഷാദരോഗ സാധ്യത കുറവാണെന്നും ഹൃദയാഘാത സാധ്യത കുറവാണെന്നും വിശ്വസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നിരുന്നാലും, തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇവ അത്ര സുഖകരമായിരിക്കില്ലെന്നും വിവാഹം ഡിമന്‍ഷ്യ വര്‍ധിക്കാന്‍ കാരണമാകുമെന്നുള്ള അല്‍ഭുതപ്പെടുത്തുന്ന പഠനങ്ങളാണ് അടുത്തിടെ പുറത്തുവരുന്നത്.
വിധവകൾ, വിവാഹമോചിതർ, ഒരിക്കലും വിവാഹം കഴിക്കാത്തവർ എന്നിവർക്ക് വിവാഹിതരായവരെ അപേക്ഷിച്ച് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത 50 ശതമാനത്തോളം കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവിവാഹിതരായ ആളുകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത് മാത്രമല്ല പുകവലി, വിഷാദം എന്നിവയും ഡിമെൻഷ്യക്ക് കാരണമാകുന്നുണ്ട്.
സംശയം, ഓര്‍മ്മക്കുറവവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കത്തിലുള്ള അസ്വസ്ഥതകൾ തുടങ്ങിയവ ഡിമന്‍ഷ്യയുടെ ലക്ഷണങ്ങളാണ്. വിവാഹിതരായവരില്‍ നേരത്തേ ഡിമന്‍ഷ്യ തിരിച്ചറിയാന്‍ സാധിക്കുന്നു എന്നതും ഈ കണ്ടെത്തലിന് കാരണമായിട്ടുണ്ട്. അൽഷിമേഴ്‌സ് അസോസിയേഷന്റെ അൽഷിമേഴ്‌സ് ആന്‍ഡ് ഡിമെൻഷ്യ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്ളോറിഡയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.