life-after-40

TOPICS COVERED

40 വയസ്സിനു ശേഷം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതും മസിലുകള്‍ തൂങ്ങിപ്പോകുന്നതും സ്വാഭാവികമാണ്.  നാല്‍പ്പതുകളുടെ തുടക്കത്തില്‍ തന്നെ ചിലപ്പോള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് സംഭവിച്ചേക്കാം. കൈകാലുകളിലെ മസിലുകള്‍ തൂങ്ങുന്നതും വയര്‍ തൂങ്ങുന്നതും മുഖത്തെ മസിലുകള്‍ അയയുന്നതുമെല്ലാം പ്രായത്തിന്‍റെ മാറ്റമാണ്. എന്നാല്‍ ഇതില്‍ മാറ്റം വരുത്താന്‍ ആരോഗ്യകരവും ചിട്ടയുള്ളതുമായ ജീവിത രീതി കൊണ്ട് ഒരു പരിധിവരെ സാധിക്കും. 

30 വയസ് കഴിയുന്നത് മുതല്‍ തന്നെ ഓരോ പത്തുവര്‍ഷത്തിലും മസില്‍ മാസ് കുറയും. വ്യായാമം ചെയ്യാതിരിയ്ക്കുന്നവര്‍ക്ക് ഇത് വേഗത്തിലാകും.അമിതവണ്ണവും  ഈ പ്രശ്നത്തിന്‍റെ ആക്കം കൂട്ടും.  ഉറക്കം ശരിയല്ലെങ്കിലും മസിലുകളെ ബാധിയ്ക്കാന്‍ ഇടയാക്കുന്നു. പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതും  സ്ത്രീകളില്‍ മെനോപോസ് കാരണവും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകും. സ്‌ട്രെസ്, ഗ്രോത്ത് ഹോര്‍മോണ്‍, തൈറോയ്ഡ് ഹോര്‍മോണ്‍, ഇന്‍സുലിന്‍ മെറ്റബോളിസം ഇംബാലന്‍സ്, ശ്വാസകോശത്തെ ബാധിയ്ക്കുന്ന സിലോപീഡിയ, അമിതമായി പുകവലി ശീലം, പ്രമേഹം, കരള്‍ പ്രശ്‌നം, വൃക്കരോഗം എന്നിവയും മസില്‍മാസ് കുറയാന്‍ കാരണമാകാറുണ്ട്.

മുട്ട

മസില്‍ മാസ് കുറഞ്ഞാല്‍ ശരീരം ക്ഷീണിക്കും. ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കൈകാല്‍ വേദന, ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയെല്ലാം ഇതിന്റെ തെളിവുകളാണ്. പ്രോട്ടീന്‍റെ മികച്ച സ്രോതസ്സായ മുട്ട പേശികളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിക്കും. മുട്ടയില്‍ അടങ്ങിയിട്ടുള്ള ലൂസിൻ (Leucine) എന്ന അമിനോ ആസിഡ് മസിൽ വളർച്ചയെ സഹായിക്കുന്നു.

egg-meat

ചിക്കൻ, മീൻ

കൊഴുപ്പ് കുറഞ്ഞ മാംസവും (Lean meat), ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകളും (അയില, ചാള, ട്യൂണ)എന്നിവയും മസിലുകളെ ശക്തിപ്പെടുത്തും. കടല, ചെറുപയർ, വൻപയർ, സോയാബീൻ എന്നിവയും മികച്ചതാണ്. പാൽ, തൈര്, പനീർ എന്നിവയിലും പേശികള്‍ക്ക് ബലമേകുന്ന കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികൾക്ക് ബലമുണ്ടെങ്കിൽ മാത്രമേ മസിലുകൾക്ക് കൃത്യമായ പിന്തുണ നൽകാൻ കഴിയൂ. പച്ചിലക്കറികൾ, ബദാം, എള്ള് എന്നിവയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയ്ക്കൊപ്പം വിറ്റാമിൻ ഡി ലഭിക്കാനായി രാവിലെയും വൈകുന്നേരവും അല്പനേരം വെയിൽ കൊള്ളുന്നതും ശീലമാക്കാം.

ഹെൽത്തി ഫാറ്റുകൾ (Healthy Fats)

ശരീരത്തിലെ ഹോർമോൺ നില മെച്ചപ്പെടുത്താൻ നല്ല കൊഴുപ്പ് ആവശ്യമാണ്. അണ്ടിപ്പരിപ്പുകൾ (Nuts), വിത്തുകൾ (Seeds), ഒലിവ് ഓയിൽ, അവോക്കാഡോ എന്നിവ അതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മസിലുകളുടെ പ്രവർത്തനത്തിന് ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. മധുരവും ജങ്ക് ഫുഡും കുറയ്ക്കുക. ഇവ ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂട്ടാൻ കാരണമാകും.

drinking-water

വ്യായാമം

ഭക്ഷണത്തോടൊപ്പം തന്നെ ആഴ്ചയിൽ 3-4 ദിവസമെങ്കിലും 'റെസിസ്റ്റൻസ് ട്രെയിനിംഗ്' (Resistance training/Weight lifting) ചെയ്യുന്നത് മസിലുകൾക്ക് ശക്തി വർദ്ധിക്കാൻ സഹായിക്കും. ഭാരം എടുത്തുയര്‍ത്തുന്നത് പോലുള്ളവ ചെയ്യുമ്പോള്‍ നല്ല ട്രെയിനറുടെ കീഴില്‍ തന്നെ ചെയ്യണം.

exercise

പ്രായം മനസ്സിനെയും ശരീരത്തെയും തളര്‍ത്താതെ നോക്കേണ്ടത് അവനവന്‍റെ ഉത്തരവാദിത്വമാണ്. കേവലം ഭക്ഷണത്തിലൂടെ മാത്രം മസിൽ വളരില്ല എന്നതുകൊണ്ട്, കൃത്യമായ വ്യായാമവും (Strength Training) ആവശ്യത്തിന് വിശ്രമവും ശീലമാക്കുക. ആരോഗ്യകരമായ ഈ ജീവിതശൈലിയിലൂടെ പ്രായം വരുത്തുന്ന ബലഹീനതകളെ ഒരു പരിധിവരെ തടയാനും ഊര്‍ജം നിലനിര്‍ത്താനും സാധിക്കും.

ENGLISH SUMMARY:

Muscle weakness after 40 is a natural part of aging that can be addressed with a healthy and structured lifestyle. While muscle mass naturally declines after 30, proactive measures like proper nutrition and exercise can significantly mitigate this decline and maintain strength