യുഎസ് വിര്‍ജീനിയയില്‍ നേപ്പാളി വംശജയായ യുവതിയെ കാണാതായ കേസില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിത്തിരിവ്. ഇന്ത്യന്‍ വംശജനായ യുവാവ് ഭാര്യയുടെ ശരീരം മുറിച്ചെന്ന് സമ്മതിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. നരേഷ് ഭട്ട് (39) എന്ന യുവാവാണ് ഭാര്യ മമ്ത കാഫ്ലെ ഭട്ടിന്‍റെ തിരോധാനക്കേസില്‍ കുറ്റസമ്മതം നടത്തിയത്.

2024 ജൂലൈ മാസമായിരുന്നു മമ്തയെ കാണാതാകുന്നത്. ഇത്രയും കാലം മമ്ത എവിടെ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതിരുന്ന നരേഷ് കേസിലെ വാദത്തിനിടെ തന്‍റെ ഭാര്യയെ വിഷം കുടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഭയത്താല്‍ താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പറയുന്നു. മമ്തയെ സ്വന്തം ഛര്‍ദിയില്‍ മരിച്ചുകിടക്കുന്നതായാണ് കണ്ടെത്തിയതെന്നും അടുത്ത് കീടനാശിനിയുടെ കുപ്പി കണ്ടെത്തിയെന്നും നരേഷ് പറഞ്ഞു.

എന്തുകൊണ്ടീ സമയത്ത് പൊലീസിനെയോ അടിയന്തര നമ്പറോ ഡയല്‍ ചെയ്തില്ല എന്ന ചോദ്യത്തിന് താന്‍ ഭയന്നുപോയെന്ന് ഇയാള്‍ മറുപടി നല്‍കി. ഒരു മണിക്കൂറോളം മമ്തയ്ക്ക് താന്‍ സിപിആര്‍ നല്‍കി നോക്കിയെന്നും നരേഷ് അവകാശപ്പെട്ടു. എന്നാല്‍ കാര്യമില്ലെന്ന് കണ്ടതോടെ ശരീരം ശുചിമുറിയിലേക്ക് കൊണ്ടുപോയി. 

തുടര്‍ന്ന് യുവതിയുടെ ശരീരം ഇയാള്‍ തന്‍റെ ഇലക്ട്രിക്ക് സോ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം വന്ന ശരീരഭാഗങ്ങള്‍ ഇയാള്‍ മാലിന്യമെന്ന രൂപേണ ഉപേക്ഷിച്ചു എന്നാണ് നരേഷ് പറഞ്ഞത്.  പക്ഷെ നരേഷിന്‍റെ വാദം കോടതി പൂര്‍ണമായും വിലയ്ക്കെടുത്തിട്ടില്ല. 

യുവതിയെ നരേഷ് കൊന്നതാകാമെന്നും ഇത് മറയ്ക്കാനായാണ് ബാക്കി പ്രവര്‍ത്തികള്‍ ചെയ്തതെന്നും വാദിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Mamta Kafle Bhatt disappearance case takes a shocking turn as her Indian-origin husband Naresh Bhatt confesses to dismembering her body after she was found dead. The US Virginia court is currently investigating the horrific incident to determine if it was murder or suicide.