സഹോദരന്‍മാര്‍, ഒരാള്‍ നാടിന് അഭിമാനമായ കോളജ് അത്‍ലറ്റ്, മറ്റേയാള്‍ ലഹരിക്കടത്തും മറ്റുമായി ജയില്‍ കിടന്ന ഒരു പക്കാ ക്രിമിനല്‍. എന്നാല്‍ ക്രിമിനലിനായി നെഞ്ചില്‍ വെടിയേറ്റ് ചോരവാര്‍ന്ന് കിടക്കേണ്ടി വന്നത് നിരപരാധിയായ അത്‍ലറ്റ് സഹോദരന്. വേദനയാകുന്ന വാര്‍ത്ത പുറത്തുവരുന്നത് യുഎസ് ന്യൂ ഹാംപ്ഷറില്‍ നിന്നാണ്. ദാരുണസംഭവത്തിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു ക്രിമിനല്‍ സഹോദരനായ ജോണ്‍ ഡിക്കോട്ട ലിയോണ്‍. തുടര്‍ന്ന് ഇയാള്‍ക്ക് പരോള്‍ ലഭിച്ചു. ഡിക്കോട്ട നേരെ തന്‍റെ വീട് വച്ചുപിടിച്ചു. വീട്ടിലാകട്ടെ അത്‍ലറ്റ് സഹോദരന്‍ മാവ്‍റിക് ലിയോണ്‍ മാത്രമാണുണ്ടായിരുന്നത്. തന്‍റെ സഹോദരനുമായി ഡിക്കോട്ട വഴക്കിലാകുകയും കത്തിയുമായി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

പിന്നാലെ മാവ്റിക് പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതോടെ മാവ്റിക് വീടിന് പുറത്തേക്ക് ഓടി. ഈ സമയം സ്വയരക്ഷയ്ക്കായി മാവ്റിക്ക് കയ്യില്‍ കരുതിയിരുന്ന കറിക്കത്തിയും ഉണ്ടായിരുന്നു. എന്നാല്‍ ഇത് കണ്ട പൊലീസ് മാവ്റിക്കാണ് അക്രമകാരിയെന്ന് കരുതി അഞ്ച് തവണ വെടിയുതിര്‍ക്കുകയും ഷോക്ക് ടേയ്സര്‍ ഗണ്‍ പ്രയോഗിക്കുകയുമായിരുന്നു. 

നെഞ്ചിലും പുറത്തും വെടിയേറ്റ മാവ്റിക്ക് താനല്ല അക്രമകാരി എന്ന് വിളിച്ചുപറഞ്ഞെങ്കിലും പൊലീസ് ഇയാളെ കിടത്തി വിലങ്ങിടുകയായിരുന്നു. ഇതേസമയം യഥാര്‍ഥ അക്രമം തുടങ്ങിയ ഡിക്കോട്ട വാതിലിന് സമീപം നില്‍ക്കുകയായിരുന്നു. വൈകാതെ സംഭവം മനസിലായ പൊലീസ് ഡിക്കോട്ടയെ അറസ്റ്റ് ചെയ്തു. 

പൊലീസിനെതിരെ കേസിനൊരുങ്ങിയിരിക്കുകയാണ് മാവ്റിക്കിന്‍റെ കുടുംബം. പുറത്തിറങ്ങും മുന്‍പ് മാവ്റിക്ക് വീടിന് മുന്നില്‍ കത്തി താഴെയിട്ടിരുന്നെന്ന് മാവ്റിക്കിന്‍റെ കുടുംബം പറയുന്നു. ഇതേസമയം ഗുരുതരമായി പരുക്കേറ്റ മാവ്റിക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഡിക്കോട്ടയെ ജയിലിലേക്ക് മാറ്റി. 

ENGLISH SUMMARY:

Malayala Manorama Online News reports a tragic incident from New Hampshire where police accidentally shot an innocent college athlete instead of his criminal brother. The victim's family is now planning legal action against the police for this grave error during a drug-related dispute.