കുട്ടികൾ അസഭ്യം പറയുന്നത് അത്ര അസാധാരണമല്ല. സിനിമകളിൽനിന്നോ മുതിർന്നവരിൽനിന്നോ കേൾക്കുന്ന വാക്കുകൾ ചിലര്‍ വിളിച്ചു പറയുന്നതും പതിവാണ്.  പലരും ഇത് തമാശയായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ, തന്നെ അസഭ്യം പറഞ്ഞ ഏഴുവയസ്സുകാരന്റെ വായിൽ ബാർ സോപ്പ് തിരുകിക്കയറ്റിയ യുവാവിന്‍റെ വാർത്തയാണ് യുഎസിലെ ഇന്ത്യാനയിൽനിന്ന് പുറത്തുവരുന്നത്. സംഭവത്തിൽ ഡാനിയേൽ ഷേർജെൻ (34) അറസ്റ്റിലായി.

ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കാമുകിക്കും നാല് കുട്ടികൾക്കുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു ഡാനിയേൽ. ഇതിനിടെ പിന്നിലിരുന്ന ഏഴുവയസ്സുകാരൻ ദേഷ്യപ്പെടുകയും അസഭ്യം പറയാൻ തുടങ്ങുകയും ചെയ്തു. മറ്റു കുട്ടികൾക്കും ഇത് ശല്യമായി. സഹികെട്ട ഡാനിയേൽ പിന്നിലേക്ക് തിരിഞ്ഞ് കുട്ടിയോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് കുട്ടി തിരിച്ചുപറഞ്ഞതെന്നാണ് റിപ്പോർട്ട്.

ഇതോടെ ഡാനിയേൽ കാർ ഒരു ഗ്രോസറി സ്റ്റോറിനു മുന്നിൽ നിർത്തി കാമുകിയോട് സോപ്പ് വാങ്ങിവരാൻ ആവശ്യപ്പെട്ടു. എന്തിനാണ് സോപ്പ് വാങ്ങുന്നതെന്ന് മനസ്സിലാകാതെ അവർ കടയിൽ പോയി സോപ്പുമായി മടങ്ങിയെത്തി. സോപ്പ് കിട്ടിയതോടെ ഡാനിയേൽ അതിന്‍റെ  കവർ പൊട്ടിച്ച് കുട്ടിയുടെ വായിൽ തിരുകിക്കയറ്റുകയായിരുന്നു. കുട്ടി പറഞ്ഞത് വൃത്തികേടാണെന്നായിരുന്നു ഇതിന് ഡാനിയേൽ നൽകിയ വിശദീകരണം.

അതിനിടെ കുട്ടിയുടെ ചെവിയും തലയും കാറിന്റെ സീറ്റിലിടിക്കുകയും മുറിവേറ്റ് രക്തം വരികയും ചെയ്തു. എന്നാൽ, കുട്ടിക്ക് എങ്ങനെയാണ് പരുക്കേറ്റതെന്ന് അറിയില്ലെന്നാണ് ഡാനിയേലിന്റെ വാദം. സ്കൂളിൽ അസഭ്യം പറയുകയും മറ്റു കുട്ടികളെ ആക്രമിക്കുകയും ചെയ്തതിന് ഏഴുവയസ്സുകാരനെ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയുമായുള്ള ഡാനിയേലിന്റെ ബന്ധം സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അറസ്റ്റിലായ ഡാനിയേലിനെതിരെ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports the shocking incident of a US man who forced a bar soap into a seven-year-old boy's mouth for using bad language. The accused, Daniel Schergen, was arrested following the controversial child punishment case in Indiana.