ക്രിസ്റ്റ പൈക്ക് (ഫയല്‍– REUTERS )

ഈയടുത്താണ് യുഎസ് ടെന്നസിയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ വിഷം കുത്തിവച്ച ക്രിസ്റ്റാ പൈക്ക് എന്ന യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശിക്ഷയ്ക്കായുള്ള ഉഗ്രവിഷം കുത്തിവച്ച ക്രിസ്റ്റ ഏറെ നാള്‍ കോമയിലായിരുന്നു. ഇപ്പോഴിതാ കോമയില്‍ നിന്നുണര്‍ന്ന ക്രിസ്റ്റ പരാജയപ്പെട്ട തന്‍റെ ശിക്ഷയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. 

മരുന്ന് കുത്തിവച്ച ശേഷം മരിക്കാന്‍ തയ്യാറായി സമാധാനത്തോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നാല്‍ പിന്നീട് ആശുപത്രിയില്‍ നിന്ന് കണ്ണ് തുറന്നപ്പോള്‍ അന്തംവിട്ടുപോയെന്ന് ക്രിസ്റ്റ പറയുന്നു. ആശുപത്രിയിലെ ജീവിതം ദുസഹമായിരുന്നെന്ന് ക്രിസ്റ്റ പറയുന്നു. ശരീരമാസകലം വേദനയാണ്. തൊണ്ട വേദനിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. എന്നാല്‍ മരണത്തിന് മുന്നിലെത്തിയ മാനസിക വേദന അതിലുമധികമാണെന്നും ക്രിസ്റ്റ കൂട്ടിച്ചേര്‍ത്തു. 

ശിക്ഷ കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കാതിരുന്ന അധികൃതരുടെ നടപടി താന്‍ അപലപിക്കുന്നെന്ന് പറഞ്ഞ ക്രിസ്റ്റ ആശുപത്രിക്കിടക്കയില്‍ താന്‍ കൊന്നയാളെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറിച്ചും അവര്‍ അനുഭവിച്ച വേദനയെക്കുറിച്ചും ഓര്‍ത്ത് ഒരുപാട് കരഞ്ഞെന്ന് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ മരിക്കാതിരുന്നതും തന്നെ വേദനിപ്പിച്ചെന്ന് ക്രിസ്റ്റ പറയുന്നു. തനിക്ക് അത് പ്രതീക്ഷ നല്‍കുകയാണ് ചെയ്തത്. തന്നെ ചികില്‍സിച്ച ഡോക്ടര്‍മാരോടും നഴ്സുകളോടും എല്ലാം തനിക്ക് അതിയായ കടപ്പാടുണ്ട്. താന്‍ ഒറ്റപ്പെട്ടു പോയതായിരുന്നു എന്നാല്‍ ഇപ്പോള്‍ ചുറ്റും ആളുകളുണ്ടെന്ന തോന്നലുണ്ടെന്നും ക്രിസ്റ്റ കൂട്ടിച്ചേര്‍ത്തു. 

കുത്തിവച്ച വിഷം രക്തധമനിയില്‍ കയറുന്നതിന് പകരം ത്വക്കിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഇത് ക്രിസ്റ്റയുടെ കൈയില്‍ പൊള്ളല്‍ പോലുള്ള പരുക്കുണ്ടാക്കി. 

1995-ൽ തന്‍റെ 18-ാം വയസ്സിൽ കൊളിൻ സ്ലെമ്മർ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റയ്ക്ക് വധശിക്ഷ വിധിച്ചത്. 200 വർഷത്തിനിടയിൽ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യു.എസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.

അസാധാരണ സംഭവത്തെ തുടർന്ന് അമേരിക്കയിലെ വധശിക്ഷാ രീതികളെക്കുറിച്ചുള്ള ചർച്ചകളും നിയമപരമായ തർക്കങ്ങളും വീണ്ടും ശക്തമായിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട കൊളിൻ സ്ലെമ്മറുടെ കുടുംബത്തിന് നീതി വൈകുന്നതിലും വലിയ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

1995 ജനുവരി 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ തന്റെ 17 വയസ്സുകാരനായ കാമുകനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രിസ്റ്റ പൈക്ക്, തന്റെ സഹപാഠി 19 വയസ്സുള്ള കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയത്. ക്രിസ്റ്റ പൈക്കും കാമുകനും ചേര്‍ന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തി, ബോക്സ് കട്ടർ ഉപയോഗിച്ചും മരത്തടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ തലകീഴായ നക്ഷത്ര ചിഹ്നം കൊത്തിവെക്കുകയും ചെയ്തു. ഈ ചിഹ്നം മൂലം ‘സാത്താൻ സേവയുടെ ഭാഗമായുള്ള കൊലപാതകം എന്ന രീതിയില്‍ കേസ് വലിയ മാധ്യമ ശ്രദ്ധ നേടി. കൊലപാതകത്തിന് ശേഷം ക്രിസ്റ്റ സഹപാഠികളോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.ആക്രമിക്കാൻ മാത്രമാണ് പദ്ധതിയിട്ടതെന്നും എന്നാല്‍ പിന്നീട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് ക്രിസ്റ്റയുടെ മൊഴി. ക്രിസ്റ്റയുടെ വയസും ബാല്യത്തില്‍ അനുഭവിക്കാനിടയായ ശാരീരിക-ലൈംഗിക പീഡനങ്ങളും മാനസിക വെല്ലുവിളികളും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. ക്രിസ്റ്റയ്ക്ക് ബൈപോളാർ ഡിസോർഡറും പി.ടി.എസ്.ഡി.യും സ്ഥിരീകരിച്ചതായും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 1996-ലാണ് കേസില്‍ കൊലക്കുറ്റത്തിന് ക്രിസ്റ്റ ശിക്ഷിക്കപ്പെടുന്നത്. അന്ന് ടെന്നസിയിലെ വധശിക്ഷാ തടവുകാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ക്രിസ്റ്റ. ക്രിസ്റ്റയുടെ കാമുകന് ശിക്ഷയിൽനിന്ന് ഇളവ് ലഭിച്ച് വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. വധശിക്ഷ തടയണമെന്ന ക്രിസ്റ്റയുടെ അവസാന നിമിഷത്തെ അപേക്ഷയും യു.എസ്. സുപ്രീം കോടതി തള്ളിയതോടെയാണ് എല്ലാ വാതിലുകളും അടഞ്ഞത്.

 

ENGLISH SUMMARY:

Christa Pike, a death row inmate in Tennessee who narrowly survived a botched lethal injection execution due to the drug getting trapped under her skin rather than her veins, has spoken out after waking up from a coma. Sentenced for the 1995 brutal murder of Colleen Slemmer, Pike expressed mixed emotions about surviving, while the incident has reignited intense legal debates over capital punishment methods in the U.S. and sparked outrage from the victim's family over delayed justice.