അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതിന് പിന്നാലെ പ്രകോപനപരമായ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയുമായി ഫലങ്ങള്‍ പുറത്തുവരുന്നത് തുടരുമ്പോള്‍ 'വീറ്റോ' (Veto) എന്ന് എഴുതിയ ചുവന്ന മാഗ (MAGA) തൊപ്പിയുടെ ചിത്രം ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഡെമോക്രാറ്റുകളെ പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിച്ച് നേരിടാൻ ട്രംപ് തയ്യാറെടുക്കുന്നതിന്റെ സൂചനയായാണ് ഇത് പൊതുവേ വിലയിരുത്തപ്പെടുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ തട്ടകങ്ങളായ ടെക്സസ്, സൗത്ത് കരോലിന, കൻസാസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയമാണ് നേടിയത്. പിന്നാലെ താൻ ബാലറ്റിൽ ഇല്ലാതിരുന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ശേഷമാണ് 'വീറ്റോ' തൊപ്പി പങ്കുവച്ച് പ്രസിഡന്റ് രംഗത്തെത്തിയത്.
ഡെമോക്രാറ്റുകളുടെ നിയമനിർമ്മാണങ്ങളെ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ട്രംപ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്യാൻ താൻ ഒരു രാഷ്ട്രീയ പണ്ഡിറ്റാകാൻ പോകുകയാണെന്നും ട്രംപ് പരിഹസിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ആയുധമാകുന്ന ‘വീറ്റോ’
കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് ലഭിച്ച ഭൂരിപക്ഷം ഭരണകൂടത്തിനെതിരെ അന്വേഷണങ്ങൾ നടത്താനും പ്രസിഡന്റായ ട്രംപിന്റെ നിയമനങ്ങളെ തടയാനും അവർക്ക് കൂടുതൽ അധികാരം നൽകും. ഇത് ഭരണപക്ഷത്തിന് കനത്ത വെല്ലുവിളിയാകും തീർക്കുക. അതേസമയം, അമേരിക്കൻ പാർലമെന്റായ കോൺഗ്രസ് (പ്രതിനിധി സഭയും സെനറ്റും) പാസാക്കുന്ന ഏതൊരു നിയമവും പ്രാബല്യത്തിൽ വരണമെങ്കിൽ പ്രസിഡന്റിന്റെ അനുമതിയും ആവശ്യമാണ്. ഇവിടെയാണ് പ്രസിഡന്റിന്റെ വീറ്റോ അധികാരത്തിന് പ്രാധാന്യം.
കോൺഗ്രസ് പാസാക്കുന്ന ഒരു ബില്ലിനോട് പ്രസിഡന്റിന് വിയോജിപ്പുണ്ടെങ്കിൽ, അത് ഒപ്പിടാതെ തിരിച്ചയക്കാനും (വീറ്റോ ചെയ്യാൻ) ആ ബില്ല് നിയമമാകുന്നത് തടയാനും പ്രസിഡന്റിന് അധികാരമുണ്ട്. കോൺഗ്രസിൽ എതിർകക്ഷിയായ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ, അവർ പാസാക്കാൻ ശ്രമിക്കുന്ന തനിക്കെതിരെയുള്ള നിയമനിർമ്മാണങ്ങളെയും നയങ്ങളെയും തന്റെ 'വീറ്റോ' അധികാരം ഉപയോഗിച്ച് തടയുമെന്നാണ് ട്രംപ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഇതാദ്യമായല്ല ട്രംപ് വീറ്റോ ഭീഷണി മുഴക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്താൽ താൻ 'മിസ്റ്റർ വീറ്റോ' ആയി മാറുമെന്നും, ഡെമോക്രാറ്റുകൾ കൊണ്ടുവരുന്ന ബില്ലുകളെ തടയുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന കോൺഗ്രസിനെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കുറേനാൾ ബില്ലുകൾ വീറ്റോ ചെയ്ത് തള്ളിക്കളയുമ്പോൾ, സമയം പാഴാകുന്നെന്ന് മനസ്സിലാക്കി ഡെമോക്രാറ്റുകൾ ചർച്ചയ്ക്ക് തയ്യാറാകുമെന്നും, ആ സമയത്ത് ഇരുവിഭാഗത്തിനും സ്വീകാര്യമായ ധാരണകളിൽ എത്തിച്ചേരാൻ സാധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്തായാലും ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയുടെയും സെനറ്റിന്റെയും ഭൂരിപക്ഷം ഡെമോക്രാറ്റുകൾ നേടിയതോടെ, ട്രംപിന്റെ രണ്ടാം ടേമിലെ ശേഷിക്കുന്ന രണ്ട് വർഷങ്ങൾ കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാകും എന്ന് ഉറപ്പാണ്.