tehran-displays-anti-trump-posters

(Photo by ATTA KENARE / AFP)

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും വധഭീഷണിയുമായി ഇറാൻ. തലസ്ഥാനമായ ടെഹ്റാനില്‍ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചു. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് ദിനത്തിലാണ് ടെഹ്‌റാനിലെ പ്രമുഖ ചത്വരങ്ങളിൽ ട്രംപിനെതിരെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. ട്രംപിനെ ജയിലിൽ അടച്ചതുപോലെ ചിത്രീകരിച്ചുകൊണ്ടുള്ള കൂറ്റൻ ബോർഡിൽ 'ഞങ്ങൾ ട്രംപിനെ കൊല്ലും' ('We Will Kill Trump') എന്ന ഭീഷണി സന്ദേശവും എഴുതിയിട്ടുണ്ട്. തിരക്കേറിയ എങ്കെലാബ് സ്ക്വയറിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ അഴിക്കുള്ളില്‍ ട്രംപും നെതന്യാഹുവും നില്‍ക്കുന്ന ചിത്രങ്ങളും ബാനറുകളും ടെഹ്റാനില്‍ ഉടനീളം ഇറാന്‍ സ്ഥാപിച്ചിട്ടുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കീറിയ ഇസ്രയേല്‍, യുഎസ് പതാകകളുടെ പശ്ചാത്തലത്തില്‍ പരുക്കേറ്റ് ചോരയൊലിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. യു.എസ്- ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുന്‍ പരമോന്നത നേതാവ്, ആയത്തുള്ള അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ തെരുവിൽ പ്രതിഷേധ പ്രകടനവും നടത്തി. ഫെബ്രുവരി 28 നാണ് ഖമനയി കൊല്ലപ്പെടുന്നത്.

ALSO READ: യുഎസ് ജനതയ്ക്ക് മടുത്തെങ്കിൽ ഇസ്രയേലിലേക്ക് പോകും, അവിടെ പ്രധാനമന്ത്രിയാകും: ‍‍ട്രംപ് ...

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണവുമ അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പും നടക്കുന്നതിനിടെയാണ് ഇറാന്‍റെ ‘പരസ്യ’ യുദ്ധം. കൂടാതെ ശനിയാഴ്ച യുഎസ് പ്രസിഡന്റ് ട്രംപും നെതന്യാഹുവും ഫോണിലൂടെ നടത്തിയ സംഭാഷണത്തില്‍ ഇറാനെതിരെ പുതിയ ആക്രമണം വേണമെന്ന ആവശ്യം നെതന്യാഹു ഉന്നയിച്ചതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെതന്നെ ഇറാനെതിരെ സൈനികനടപടി വേണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രകോപനം. അതേസമയം ഇറാന്റെ കാര്യത്തില്‍ നെതന്യാഹുവും ട്രംപും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. നയതന്ത്ര ചർച്ചകൾക്കായി ഇറാന് കൂടുതൽ സമയം നൽകണമെന്നാണ് ട്രംപിന്റെ നിലപാട്.

ട്രംപിനെതിരെ ഇറാന്‍ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് ഇതാദ്യമായല്ല. മുന്‍പ് യുഎസ്– ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ജൂലൈയില്‍ മുന്നറിയിപ്പെന്നോണം ഇറാന്‍ പരസ്യബോർഡുകൾ ഉയര്‍ത്തിയിരുന്നു. അമേരിക്കൻ പതാക പുതപ്പിച്ച ശവപ്പെട്ടികളും ആ ശവപ്പെട്ടികള്‍ക്ക് മുകളില്‍ ട്രംപിന്‍റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകളുമുള്ള പരസ്യബോർഡുകളാണ് അന്ന് ഇറാന്‍ ഉയര്‍ത്തിയത്. ‘ചോരയ്ക്ക് ചോര’ എന്നായിരുന്നു ഭീഷണി. ട്രംപ് ശവപ്പെട്ടിയില്‍ കിടക്കുന്ന ചിത്രമുള്ള പരസ്യബോർഡും ഇറാന്‍ മുന്‍പ് ഉയര്‍ത്തിയിരുന്നു. അന്നും 'ഞങ്ങള്‍ ട്രംപിനെ കൊല്ലും' എന്ന സന്ദേശമായിരുന്നു ബാനറില്‍ ഉണ്ടായിരുന്നത്.

ENGLISH SUMMARY:

Iran has issued fresh death threats against US President Donald Trump by erecting massive billboards across Tehran, including the prominent Enghelab Square, bearing the warning "We Will Kill Trump." Unveiled on the day of the US midterm elections, the visuals depict Trump and Israeli Prime Minister Benjamin Netanyahu behind bars alongside US Vice President J.D. Vance and Steve Witkoff against a backdrop of torn US and Israeli flags. The public provocation coincides with street protests demanding vengeance for Iran's former Supreme Leader Ayatollah Ali Khamenei, who was killed in a US-Israeli joint airstrike on February 28. The escalating tension follows reports that Netanyahu pressed Trump for fresh military strikes against Iran, even as Trump advocates allowing more time for diplomatic negotiations.