trump-netanyahu
  • ഇറാന്റെ കാര്യത്തില്‍ നെതന്യാഹുവും ട്രംപും വ്യത്യസ്ത നിലപാടില്‍. നയതന്ത്ര ചർച്ചകൾക്കായി ഇറാന് കൂടുതൽ സമയം നൽകണമെന്ന് ട്രംപ്, വേണ്ടെന്ന് നെതന്യാഹു

രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഷ്ടപ്പെടുന്നതിനിടെയിലും ബെന്യമിന്‍ നെതന്യാഹു ഇറാനെതിരായ പുതിയ ആക്രമണത്തിനു ആസൂത്രണം നടത്തുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച യുഎസ് പ്രസിഡന്റ് ട്രംപും നെതന്യാഹുവും ഫോണിലൂടെ നടത്തിയ സംഭാഷണത്തിലാണ് ഇറാനെതിരെ പുതിയ ആക്രമണം വേണമെന്ന ആവശ്യം നെതന്യാഹു ഉന്നയിച്ചതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെതന്നെ ഇറാനെതിരെ സൈനികനടപടി വേണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം. 

Also Read: 'മേയ്ഡേ, മേയ്ഡേ...! ഞങ്ങള്‍ ഇടിച്ചിറങ്ങും'; മിസൈൽ പോലെ കൂപ്പുകുത്തി വിമാനം; 9 മരണം

അതേസമയം ഇറാന്റെ കാര്യത്തില്‍ നെതന്യാഹുവും ട്രംപും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. നയതന്ത്ര ചർച്ചകൾക്കായി ഇറാന് കൂടുതൽ സമയം നൽകണമെന്നാണ് ട്രംപിന്റെ നിലപാട്, എന്നാല്‍ ഉടന്‍ സൈനികനടപടി വേണമെന്നാണ് ബെന്യമിന്‍ നെതന്യാഹു മുന്നോട്ടുവയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. മികച്ച സംഭാഷണമായിരുന്നുവെന്ന് യുഎസ് വൃത്തവും കടുപ്പമേറിയതായിരുന്നുവെന്ന് ഇസ്രയേല്‍ വൃത്തവും പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

അതേസമയം സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല, ഇറാന്‍ ചര്‍ച്ചയിലെ പ്രധാന വിഷയമായിരുന്നുവെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഇറാനുമായി ചര്‍ച്ചകള്‍ മുന്നോട്ടുപോവുകയാണെന്നും ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് വലിയ തിടുക്കമില്ലെന്നും ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ ഇറാന്‍ ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇറാനിലെ ഒന്നോ രണ്ടോ ആണവകേന്ദ്രങ്ങളുടെ കാര്യത്തിൽ ഇനിയും നടപടിയെടുക്കേണ്ടതുണ്ടെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. 

ഇറാന്‍ ഉദ്യോഗസ്ഥരുമായി ഖത്തര്‍ മൂന്നുദിവസം തുടര്‍ച്ചയായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയിലെത്തുകയാണ് ലക്ഷ്യം. എന്നാൽ ഇതുവരെ കരാറിലെത്താനായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ് ഉന്നയിച്ച വിഷയങ്ങളിൽ വാഷിങ്ടൺ നൽകുന്ന മറുപടിയെ ആശ്രയിച്ചായിരിക്കും തുടർനീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രത്തിനാണ് മുൻഗണനയെന്നും പ്രതിരോധത്തിനും ഇറാൻ സജ്ജമാണെന്നും അരാഗ്ചി വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇറാനെതിരെ വീണ്ടും സൈനിക നടപടി വേണമെന്ന ഇസ്രയേലിന്റെ ആവശ്യം ശക്തമാകുന്നത്. 

Netanyahu Wants Trump to Launch Fresh Attack on Iran After US Midterm Elections:

Israeli Prime Minister Benjamin Netanyahu has reportedly urged US President Donald Trump to launch a fresh military strike against Iran immediately after the November 3 US midterm elections. According to an Axios report, Netanyahu raised the demand during a phone conversation with Trump, despite Israel's ongoing political crisis. While Netanyahu favours immediate military action, Trump reportedly wants to give Iran more time for diplomatic negotiations. The developments come amid Qatar's mediation efforts to revive direct talks between Washington and Tehran, with Iran maintaining that it is prepared for both diplomacy and defence