തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അപമാനിച്ചും വ്യക്തിഹത്യ നടത്തിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അയോവയിലും കാന്‍സാസിലും പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം ചോദിച്ചപ്പോഴാണ് ട്രംപ് മാധ്യമപ്രവര്‍ത്തകനുനേരെ മോശം പരാമര്‍ശം നടത്തിയത്. ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകനുമായി കടുത്ത വാഗ്വാദം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
Also Read: ചൈന പോലും മുതിര്‍ന്നിട്ടില്ല: തായ്‌വാന്‍ വിമാനങ്ങളെ പറത്തില്ലെന്ന് പാക്കിസ്ഥാന്‍
കാന്‍സാസിലും അയോവയിലും പ്രചാരണത്തിനെത്താത്തത് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. സൗത്ത് കരോലിനയിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വാഷിങ്ടണില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. ‘തനിക്കാണ് അസുഖം’എന്നായിരുന്നു ഇതിനു മറുപടിയായി ട്രംപ് പറഞ്ഞത്, തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്റെ ശരീരത്തെക്കുറിച്ചും ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തി, എന്ത് കോലമാണിത്? വെറുപ്പുളവാകുംവിധം നരകതുല്യമായ രൂപം, ആദ്യം ശരീരമൊന്നു വൃത്തിയാക്കി ഒതുക്കിവയ്ക്കൂ, രണ്ടാഴ്ചയായി താനെന്നെ പിന്തുടരുകയാണ്, ഞാന്‍ ഓകെയാണ്’– എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
അറബ്–ഐസന്‍കോട്ട് സര്‍ക്കാറിനു സാധ്യത; നെതന്യാഹു പുറത്തേക്കെങ്കില്‍ വരുംകാലം കടുപ്പമേറും
എന്നാല്‍ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ് താന്‍ അന്വേഷിച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കടുത്ത ആത്മവിശ്വാസത്തോടെ മത്സരിക്കുന്ന അയോവയിലും കാന്‍സാസിലും പോകേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ട്രംപ് പറയുന്നു. അവിടെ പ്രചാരണം നടത്തിയില്ലെങ്കിലും വിജയം ഉറപ്പാണ്, ഈ മാസം ആദ്യആഴ്ച മുതല്‍ 19 സംസ്ഥാനങ്ങളിലായി ട്രംപ് 25 തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തിട്ടുള്ളത്.
യുഎസ് പ്രസിഡന്റിന്റെ 4 വർഷത്തെ ഭരണകാലയളവിന്റെ പകുതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ് നവംബര്‍ മാസത്തിലെ ഇടക്കാല തിരഞ്ഞെടുപ്പ്. ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതോടൊപ്പം സെനറ്റിലെ 100 സീറ്റുകളില്‍ മൂന്നിലൊന്ന് സീറ്റുകളിലേക്കും പ്രതിനിധികളെ തിരഞ്ഞെടുക്കും. പല സംസ്ഥാനങ്ങളിലെയും ഗവർണർമാർ, പ്രാദേശിക നിയമസഭാംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ തിരഞ്ഞെടുക്കുന്നതും ഇതോടൊപ്പം തന്നെയായിരിക്കും.