White House press secretary Katie Zacharia arrives on Air Force One, Tuesday, Oct. 13, 2026, at Joint Base Elmendorf-Richardson, Alaska. (AP Photo/Alex Brandon)
യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാര്ത്താ സമ്മേളനത്തിനിടെ പ്രസിഡന്റിനെ ഭര്ത്താവെന്ന് വിളിച്ച് കാറ്റി സക്കറിയ. നാക്കുപിഴയ്ക്കു പിന്നാലെ വെറും 14 മിനിറ്റിനുള്ളില് വാര്ത്താസമ്മേളനം അവസാനിപ്പിച്ച് കാറ്റി മടങ്ങി. അതേസമയം കാറ്റിയുടെ പ്രകടനത്തെ പ്രശംസിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയതും ശ്രദ്ധേയമായി.
ട്രംപിനേയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പ്രവര്ത്തനങ്ങളേയും പുകഴ്ത്തിയായിരുന്നു കാറ്റിയുടെ തുടക്കം. ട്രംപിനൊപ്പം ജോലി ചെയ്യാനായി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നും അവസരം ലഭിച്ചതില് നന്ദിയെന്നും കാറ്റി പറയുന്നു. നാലു കുട്ടികളുടെ അമ്മ കൂടിയായ കാറ്റി എങ്ങനെയാണ് തിരക്കേറിയ ചുമതലകള്ക്കൊപ്പം കുടുംബജീവിതം കൂടി മുന്നോട്ടുപോകുകയെന്ന ചോദ്യമാണ് നാക്കുപിഴയിലേക്ക് നയിച്ചത്. കുഞ്ഞുങ്ങളൊടൊപ്പം സായാഹ്നം ചെലവഴിക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് കാറ്റി പറഞ്ഞു. പിന്നാലെ ഭര്ത്താവും സിനിമാ നിര്മാതാവുമായ ടൈലര് സക്കറിയയെക്കുറിച്ച് പരാമര്ശിക്കുന്നതിനിടെയാണ് കാറ്റിക്ക് നാക്കുപിഴ സംഭവിച്ചത്.
‘എന്റെ പ്രസിഡന്റ്, അല്ല എന്റെ ഭര്ത്താവ് ഇവിടെയുണ്ട്, എന്നായിരുന്നു കാറ്റിയുടെ വാക്കുകള്, അബദ്ധം തിരിച്ചറിഞ്ഞതോടെ കൊള്ളാം നല്ലൊരു നാക്കുപിഴ എന്നു പ്രതികരിച്ചെങ്കിലും കാറ്റി പരിഭ്രാന്തയായതായി റിപ്പോര്ട്ടുകള് പറയുന്നു. പിന്നാലെ വാർത്താസമ്മേളനം അവസാനിപ്പിച്ച് കാറ്റി മടങ്ങുകയായിരുന്നു. അതേസമയം കാറ്റിയുടെ ആദ്യ വാര്ത്താ സമ്മേളനം യാന്ത്രികമായിരുന്നുവെന്ന് ഡെയ്ലി മെയില് വിശേഷിപ്പിച്ചു. പ്രതീക്ഷിച്ചതിലും മോശമായിരുന്നെന്നായിരുന്നു ‘ദ് ഇന്ഡിപെന്ഡന്റി’ന്റെ വിലയിരുത്തല്. എന്നാല് കാറ്റി മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ മുന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന് പകരക്കാരിയായാണ് കാറ്റി സക്കറിയയുടെ നിയമനം. ട്രംപിന്റെ കടുത്ത അനുയായിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണയ്ക്കുന്ന വ്യക്തിയുമാണ് കാറ്റി. കലിഫോര്ണിയ സ്വദേശിയായ കാറ്റി റിപ്പബ്ലിക്കന് രാഷ്ട്രീയത്തില് ഏറെക്കാലമായി സജീവമാണ്. ഫോക്സ് ന്യൂസില് രാഷ്ട്രീയ നിരീക്ഷകയായി എത്തിയ കാറ്റി ട്രംപിന്റെ നയങ്ങള്ക്കൊപ്പം നിന്ന വ്യക്തി കൂടിയാണ്. പെപ്പർഡൈൻ സർവകലാശാലയിൽ പഠിച്ച കാറ്റി, കോളജ് റിപ്പബ്ലിക്കൻ സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ജോർജ് ഡബ്ല്യു.ബുഷിന്റെ ഭരണകാലത്ത് വൈറ്റ് ഹൗസിലെ പൊളിറ്റിക്കൽ അഫയേഴ്സ് ഓഫീസിലും റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയിലും ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്.