Image Credit: AFP

Image Credit: AFP

  • അമേരിക്കയുടെ ചരിത്രം കുടിയേറ്റക്കാര്‍ രൂപപ്പെടുത്തിയതാണെന്നും അമേരിക്കയുടെ സമ്പദ്​വ്യവസ്ഥയെ പുഷ്ടിപ്പെടുത്തിയതും പരുവപ്പെടുത്തിയതും കുടിയേറ്റക്കാരാണെന്ന് മറക്കരുതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

അമേരിക്കക്കാരുടെ ജോലി എച്ച് 1ബി വീസയില്‍ എത്തുന്നവര്‍ തട്ടിയെടുക്കുകയാണെന്ന യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സിന്‍റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ. അമേരിക്കയുടെ ചരിത്രം കുടിയേറ്റക്കാര്‍ രൂപപ്പെടുത്തിയതാണെന്നും അമേരിക്കയുടെ സമ്പദ്​വ്യവസ്ഥയെ പുഷ്ടിപ്പെടുത്തിയതും പരുവപ്പെടുത്തിയതും കുടിയേറ്റക്കാരാണെന്ന് മറക്കരുതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തുറന്നടിച്ചു. 'യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ ചില പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടു. അനാവശ്യവും ഇന്ത്യന്‍ പ്രൊഫഷനലുകള്‍ യുഎസിന് വേണ്ടി നല്‍കിയ സേവനങ്ങളെ വിസ്മരിക്കുന്നതുമാണത്'. Also Read: 'അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നു'; ഗ്രീന്‍ കാര്‍ഡ് വെട്ടി യുഎസ്; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

ഇന്ത്യയ്ക്കെന്ന പോലെ യുഎസും ഇന്ത്യന്‍ തൊഴിലാളികളുടെ വൈദഗ്ധ്യം കൊണ്ട് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഇത് വിസ്മരിക്കരുതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. 'പകരം വയ്ക്കാനില്ലാത്ത പ്രതിഭയും, നവീനമായ ആശയങ്ങള്‍ക്കൊണ്ടും, ഗവേഷണങ്ങളിലൂടെയും, ഉല്‍പാദനത്തിലും മല്‍സരത്തിലും,തൊഴിലവസരങ്ങള്‍ നിര്‍മിക്കുന്നതിലും എല്ലാം ഇന്ത്യയില്‍ നിന്നുള്ളവരുടെ നിര്‍ണായക സംഭാവനയുണ്ടായിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. 

മൈക്രോസോഫ്റ്റ്, ടാറ്റ, വിപ്രോ, ഇന്‍ഫോസിസ്, അഡോബി, കോഗ്നിസെന്‍റ്, എച്ച്സിഎല്‍, കാപ്ജെമിനി എന്നീ ഏഴു കമ്പനികളെയാണ് പെര്‍മനെന്‍റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് യുഎസ് വിലക്കിയത്. ഇതോടെ ഗ്രീന്‍ കാര്‍ഡ് വാഗ്ദാനം ചെയ്ത് ജോലി നല്‍കാന്‍ ഈ കമ്പനികള്‍ക്ക് കഴിയില്ല. ഗ്രീന്‍കാര്‍ഡിലൂടെ ആളുകളെ ജോലിക്കെടുക്കുന്നതിനാല്‍ തൊഴിലിടങ്ങളില്‍ നിന്നും അമേരിക്കക്കാര്‍ പുറത്താകുന്നുവെന്ന് ആരോപിച്ചാണ് നടപടി. 

അതേസമയം, പെര്‍മനന്‍റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും എച്ച് 1ബി വീസയില്‍ നിന്ന് വ്യത്യസ്തമാണെന്നും നിലവിലെ എച്ച് 1ബി വീസകളെ പുതിയ നീക്കം ബാധിക്കില്ലെന്നും എച്ച് 1 ബി വീസക്കാരുടെ ആശ്രിതര്‍ക്കും കുഴപ്പമുണ്ടാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  അതേസമയം നിലവില്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനായി നടപടി ക്രമങ്ങള്‍ നീക്കുന്ന ജീവനക്കാര്‍ക്ക് കാര്‍ഡ് ലഭിക്കുന്നതില്‍ തടസം നേരിട്ടേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. 

എട്ട് ഐടി കമ്പനികളുടെ പെര്‍മനെന്‍റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ് യുഎസ് തൊഴില്‍ വകുപ്പ് റദ്ദാക്കിയത്. ഇതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയോ നിലവില്‍ നടപടിക്രമങ്ങള്‍ നടത്തിയ അപേക്ഷകള്‍ അംഗീകരിക്കുകയോ ചെയ്യില്ല. നടപടി വന്ന എട്ട് കമ്പനികളില്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഫോസിസും ടിസിഎസും വിപ്രോയും എച്ച്സിഎലും ഉള്‍പ്പെട്ടതാണ് ആശങ്കയേറ്റിയത്.

ENGLISH SUMMARY:

India has criticised US Vice President JD Vance’s remarks suggesting that H-1B visa holders are taking jobs away from American workers, with External Affairs Minister S. Jaishankar stressing the historic role of immigrants in building the US economy. India’s Ministry of External Affairs said Indian professionals have made significant contributions to innovation, research, manufacturing, competitiveness and job creation in the United States. The article reports that the US Department of Labor has barred eight technology companies from the Permanent Labor Certification Program, affecting their ability to pursue green-card sponsorship through the programme. India clarified that the programme is separate from H-1B visas, so existing H-1B visa holders and their dependents are not expected to be directly affected, although some employees with pending green-card processes could face delays or complications.