nidal-malik

കൊടും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നത് രാജ്യാന്തര തലത്തില്‍ അപൂര്‍വമല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വധശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷയായി കരുതുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ, ഉത്തര കൊറിയ പോലെയുള്ള രാജ്യങ്ങളില്‍ പൊതുസ്ഥലത്ത് വച്ച് തലവെട്ടിയും തൂക്കിലേറ്റിയും വെടിവച്ചും വധശിക്ഷ നടപ്പിലാക്കാറുണ്ട്. എന്നാല്‍ 90 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസില്‍ നടക്കാന്‍ പോകുന്ന വധശിക്ഷയാണ് വാര്‍ത്തകളില്‍ നിറയുന്നത്. 

2009ല്‍ 13 പേരുടെ മരണത്തിന് കാരണമായ ഫോര്‍ട്ട് ഹൂഡ് വെടിവയ്പ്പ് കേസ് പ്രതിയും മുന്‍ സൈനിക മേജറുമായ നിദാല്‍ മാലിക് ഹസന്‍റെ വധശിക്ഷയാണ് ഇത്തരത്തില്‍ നടപ്പിലാക്കുന്നത്. വെടിവയ്പ്പ് നടന്ന ടെക്സാസിലെ സൈനിക കേന്ദ്രത്തില്‍ വച്ച് തന്നെയായിരിക്കും ശിക്ഷ നടപ്പിലാക്കുക. ഡിസംബര്‍ മൂന്നിനാണ് ശിക്ഷ  നടപ്പിലാക്കുകയെന്ന് പെന്‍റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

വധശിക്ഷ പൊതുജനങ്ങള്‍ക്ക് കാണാനായി ലൈവ്സ്ട്രീം സംവിധാനം സജ്ജമാക്കുമെന്ന് യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ പരിണിതഫലത്തെക്കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താനാണ് ഇതെന്നാണ് ഹെഗ്സെത്ത് റിയല്‍ അമേരിക്കാസ് വോയ്സ് പോഡ്കാസ്റ്റില്‍ പറഞ്ഞത്. 

‘കൊലപാതകം നടത്തിയത് സേനയിലെ ഒരു മേജറാണ്, ഇസ്‍ലാം ഭീകരവാദി നടത്തിയ ആക്രമണത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശിക്ഷ പൊതുസ്ഥലത്ത് വച്ച് തന്നെ നടപ്പിലാക്കുമെന്നും’ ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു. 

ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടോടെയാകും ശിക്ഷ നടപ്പിലാക്കുക. ഇതിനായുള്ള ഉത്തരവ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒക്ടോബര്‍ രണ്ടിന് ഒപ്പുവച്ചിരുന്നു.  2009 നവംബർ 5 നാണ് അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായ ഫോര്‍ട്ട് ഹൂഡ് കൂട്ടക്കൊല നടന്നത്. ടെക്സാസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ യുഎസ് ആർമി മേജറും സൈക്യാട്രിസ്റ്റുമായിരുന്ന നിദാൽ ഹസൻ  സ്വന്തം സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജിഹാദിന്റെ ഭാഗമായാണ് താൻ ഇത് ചെയ്തതെന്ന് പിന്നീട് സമ്മതിച്ചു. 13 പേർ കൊല്ലപ്പെട്ടതിന് പുറമെ മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

2013ലാണ് പ്രതിക്ക് സൈനിക കോടതി മരണശിക്ഷ വിധിച്ചത്. അമേരിക്കയിൽ ഔദ്യോഗികമായി നടന്ന അവസാനത്തെ പരസ്യ വധശിക്ഷ 1936 ഓഗസ്റ്റ് 14-ന് കെന്റുകിയിലെ ഓവൻസ്ബൊറോയിലാണ് അരങ്ങേറിയത്. 70കാരി വയോധികയെ പീഡിപ്പിച്ച കുറ്റത്തിന് റെയ്‌നി ബെഥിയ എന്ന 22 വയസ്സുകാരനായ ആഫ്രോ-അമേരിക്കൻ യുവാവിനെയാണ് അന്ന് പരസ്യമായി തൂക്കിലേറ്റിയത്.

ENGLISH SUMMARY:

US death penalty for the Fort Hood shooting convict Nidal Malik Hasan is set to be carried out publicly after 90 years. This rare event highlights the resumption of public executions in the United States, as reported by major news outlets.