കമ്പനികളുടെ തട്ടിപ്പുകളോ അതോ വരാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പോ? മലയാളികളുള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരുടെ ഗ്രീന്‍കാര്‍ഡ് സ്വപ്നങ്ങള്‍ക്ക് അമേരിക്ക റെഡ്കാര്‍ഡ് കാണിക്കാന്‍ കാരണം എന്താവാംം? അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍നിഷേധവും അല്ലറ ചില്ലറ ക്രമക്കേടുകളുമാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പറയുന്ന കാരണം. പക്ഷേ, ഇറാനില്‍ പോയി കൈപൊള്ളിയിരിക്കുന്ന ട്രംപിന് മിഡ് ടേമിന് മുന്‍പ് ജനവികാരം അനുകൂലമാക്കിയേ തീരൂ. ശരിക്കും തിരഞ്ഞെടുപ്പിന് മുന്‍പായുള്ള ഒരു ട്രംപ് കാര്‍ഡ് – തുരുപ്പ് ചീട്ട്.
രാജ്യാന്തര വിദ്യാർത്ഥികള്‍ക്ക് പഠനശേഷം ജോലി ചെയ്യുന്നതിന് എഴുപതിനായിരം ഡോളര്‍ ഫീസ് വാങ്ങാനുള്ള നീക്കത്തെക്കുറിച്ച് വാര്‍ത്ത വന്നതിനു പിന്നാലെയാണ് അടുത്ത ആഘാതം. മൈക്രോസോഫ്റ്റ്, അഡോബി, ക്യാപ്ജെമിനി, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ, കോഗ്നിസന്റ് എന്നീ കമ്പനികള്‍ക്കാണ് വിലക്ക്. അതേസമയം ഗൂഗിള്‍/ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ, ആപ്പിള്‍, എന്‍വിഡിയ, ടെസ്‌ല എന്നിവയ്ക്ക് ബാധകവുമല്ല. അമേരിക്കയിലെ മാഗ്നിഫിസന്റ് സെവനില്‍ നിന്ന് പെട്ടത് മൈക്രോസോഫ്റ്റ് മാത്രം. ഇന്നലെ മൈക്രോസോഫ്റ്റ് സിഇഒ: സത്യ നദെല്ലയ്ക്ക് ട്രംപ് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ട്രംപ് സമ്മാനിച്ചതേയുള്ളൂ. ഒരു കൈ കൊണ്ട് തലോടല്‍, മറുകൈകൊണ്ട് അടി.
ഗ്രീന്‍കാര്‍ഡ് ആണ് അവസാനം കൈയില്‍ കിട്ടുന്നതെങ്കിലും ഇതിനു മുന്നോടിയായുള്ള PERM (പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍) പ്രോഗ്രാമിലാണ് യഥാര്‍ഥ വിലക്ക്. ഇനി പെര്‍മിന് അപേക്ഷകള്‍ സ്വീകരിക്കില്ല. അതേസമയം PERM കടമ്പ കടന്നവര്‍ക്ക് പ്രശ്നമില്ല. സാധാരണ 300 ദിവസം വരെയാണ് PERM അപേക്ഷാനടപടികള്‍ കടക്കാന്‍ വേണ്ടിവരിക. അങ്ങനെയെങ്കില്‍ 2026ല്‍ അപേക്ഷിച്ചവര്‍ ആരും ഗ്രീന്‍കാര്‍ഡ് പ്രതീക്ഷിക്കേണ്ടതില്ല എന്നു തന്നെ പറയാം. വിലക്കപ്പെട്ട കമ്പനികൾ വഴി സമർപ്പിക്കുന്ന ഒരു പുതിയ PERM അപേക്ഷയും യുഎസ് ഇനി സ്വീകരിക്കില്ല. നിലവിലെ നടപടിക്രമങ്ങളും നിര്‍ത്തിവച്ചു.
അമേരിക്കന്‍ ഡ്രീം എന്ന് വിശേഷിക്കപ്പെടുന്ന ആകാശത്ത് വിരിയുന്ന മഴവില്ലാണ് ഗ്രീന്‍ കാര്‍ഡ്. വര്‍ഷങ്ങള്‍ നീളുന്ന കാത്തിരിപ്പ്. അമേരിക്കൻ തൊഴിലാളികളെ കണ്ടെത്താൻ പ്രയാസമുള്ള ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾക്കായുള്ളതാണ് H-1B വിസകൾ. ടെക് കമ്പനികളാണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ; അംഗീകാരങ്ങളിൽ നാലൊന്ന് ഭാഗവും ഇന്ത്യക്കാരായ തൊഴിലാളികൾക്കാണ് ലഭിക്കുന്നത്. എച്ച്-1ബി വിസയിൽ എത്തുന്ന വിദേശ വിദഗ്ധ തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള ആറുവർഷത്തെ പരമാവധി കാലാവധി പൂർത്തിയാകുന്നതിന് മുൻപാണ് കമ്പനികൾ മുഖേന ഗ്രീൻ കാർഡിനായുള്ള ആദ്യപടിയായി PERM അപേക്ഷകൾ നൽകുന്നത്. 2013-ൽ അപേക്ഷ നൽകിയവർക്ക് പോലും ഇപ്പോഴും പല കാറ്റഗറികളിലും ഗ്രീൻ കാർഡ് കിട്ടാത്ത പശ്ചാത്തലത്തിലാണ് അപേക്ഷാ നടപടികൾ തന്നെ ഒന്നടങ്കം മരവിപ്പിക്കുന്ന പുതിയ തീരുമാനം. പതിനായിരക്കണക്കിന് ഇന്ത്യൻ എൻജിനീയർമാർ അപേക്ഷകരായിട്ടുള്ള പ്രധാന എംപ്ലോയ്മെന്റ് കാറ്റഗറികളായ ഇബി-2 (EB-2), ഇബി-3 (EB-3) എന്നിവയിൽ ജോലി ചെയ്യുന്നവരാണ് PERM മരവിപ്പിക്കലോടെ ഏറ്റവും വലിയ അനിശ്ചിതത്വത്തിലായത്.
കമ്പനികൾ സാധാരണയായി ഗ്രീൻ കാർഡിനായി ഉപയോഗിക്കുന്ന വിവിധ എംപ്ലോയ്മെന്റ് കാറ്റഗറികളെയും പുതിയ നീക്കം സാരമായി ബാധിക്കും. ഒരു ഇന്ത്യന്‍ കമ്പനി PERM നടപടിക്രമങ്ങള്‍ ലളിതമായ ഇബി 1 കാറ്റഗറി വഴി ആറുമാസം കൊണ്ട് ഗ്രീന്‍കാര്‍ഡ് നേടാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. അമേരിക്കക്കാര്‍ക്ക് തൊഴില്‍ നിഷേധിച്ച് വിദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നത് മറ്റൊരു തന്ത്രമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ കണ്ടെത്തല്‍. നാട്ടുകാരായ ആറായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റ് അതേസമയം തന്നെ വിദേശികൾക്ക് വീസയും ഗ്രീൻ കാർഡും നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വാന്‍സിന്റെ നിലപാട്. 2009 മുതൽ ഈ കമ്പനികൾ മാത്രമായി ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്കായി അപേക്ഷകൾ നൽകിയതായും തൊഴില്‍വകുപ്പ് കണക്കുകളിലൂടെ സ്ഥാപിക്കുന്നു.
രാഷ്ട്രീയ തന്ത്രമോ അതോ കടുത്ത കുടിയേറ്റ നിയന്ത്രണമോ?
എന്നാൽ വരാനിരിക്കുന്ന യുഎസ് മിഡ്-ടേം തിരഞ്ഞെടുപ്പി ന്മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാനുള്ള വെറുമൊരു രാഷ്ട്രീയ തന്ത്രമാണോ അതോ ദീർഘകാല നയപരമായ മാറ്റമാണോ ഇതെന്ന ചർച്ചകളും ടെക്-രാഷ്ട്രീയ വൃത്തങ്ങളിൽ ഇതിനകം സജീവമായിട്ടുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഇരുസഭകളും റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചാൽ പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാർക്കും 5000 ഡോളർ (ഏകദേശം 4.8 ലക്ഷം രൂപ) വീതം പാരിതോഷികം നൽകുമെന്ന് വരെ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഓര്‍ക്കുക. ഗ്രീന്‍ കാര്‍ഡ് പ്രഖ്യാപനവും വോട്ടുവീഴ്ത്താനുള്ള മറ്റൊരു തന്ത്രമാവാം. നാട്ടുകാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയാണ് പുറമേ പറയുന്ന ലക്ഷ്യം. അമേരിക്കൻ തൊഴിലാളികൾക്ക് പകര മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ വിദേശി അടിമകളെ നിയമിക്കുന്നുവെന്ന് വാന്‍സ് പറയുന്നു. പക്ഷേ, യുഎസിലെ തന്നെ കണക്കുകള്‍ പ്രകാരം H-1B വിസകൾ ഉപയോഗിക്കുന്ന അമേരിക്കൻ തൊഴിലുടമകളിൽ അഞ്ചാം സ്ഥാനത്താണ് മൈക്രോസോഫ്റ്റ്. ആമസോണ്‍ ആണ് ഒന്നാമത്. കഴിഞ്ഞ സാമ്പത്തിക വർഷം സമർപ്പിച്ച 6,000 H-1B വിസ അപേക്ഷകളിൽ 80 ശതമാനവും നിലവിലുള്ള ജീവനക്കാരുടെ പദവി നീട്ടുന്നതിനോ മാറ്റുന്നതിനോ വേണ്ടിയുള്ളതാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
ഇതാദ്യമല്ല, ട്രംപ് വിദേശ തൊഴിലാളികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരുന്നത്. കുറഞ്ഞ വേതനം വാങ്ങുന്ന വിദേശികൾ കാരണം അമേരിക്കക്കാരുെട ജോലി പോകുന്നത് തടയാന്‍ H-1B വർക്ക് വീസ ഫീസായി 100,000 ഡോളർ നിശ്ചയിക്കാൻ ട്രംപ് കഴിഞ്ഞ വർഷം ശ്രമിച്ചു. എന്നാൽ ജൂണിൽ ഒരു ഫെഡറൽ ജഡ്ജി ഈ തീരുമാനം റദ്ദാക്കി.തുടർന്ന് ഓഗസ്റ്റിൽ 103,265 ഡോളർ ഫീസ് ഇമിഗ്രേഷന്‍ ചെലവുകള്‍ക്കെന്ന പേരില്‍ പുതുക്കി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
പക്ഷേ, നിയമങ്ങള്‍ നടപ്പായാലും ഇല്ലെങ്കിലും അമേരിക്കന്‍ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീണുകഴിഞ്ഞിരിക്കുന്നു. നാം രണ്ടുവര്‍ഷം മുന്‍പ് നടന്നുകണ്ട ടൈംസ് സ്ക്വയറോ മാന്‍ഹട്ടനോ അല്ല ഇപ്പോഴത്തേതെന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. എവിടെയും ഒരു ഭീതിയുണ്ട്. ചെറിയ ഭിന്നസ്വരങ്ങള്‍ പോലും ഇല്ലാതാക്കപ്പെടുന്നു. ഇമിഗ്രേഷന്‍ ഏജന്‍റുമാര്‍ കറങ്ങിനടക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ കസ്റ്റഡിയിലാവും. ഒരുകാലത്ത് ട്രംപിനെ പിന്തുണച്ച മലയാളികള്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇനി ഇപ്പോള്‍ ഗ്രീന്‍കാര്‍ഡ് കിട്ടാന്‍ തനിക്ക് യോഗ്യതയുണ്ടോയെന്ന് മാത്രം നോക്കിയാല്‍ പോരല്ലോ. കമ്പനിയുടെ യോഗ്യത കൂടി നോക്കേണ്ടിവരും