us-poisoning
  • ഒന്നര വര്‍ഷത്തോളം സഹപ്രവര്‍ത്തകയുടെ കുപ്പിവെള്ളത്തില്‍ വിഷം കലര്‍ത്തി, ശിക്ഷ റദ്ദാക്കാന്‍ കോടതിയില്‍

പതിനെട്ട് മാസത്തോളം സഹപ്രവർത്തക കുടിവെള്ളത്തിൽ കാഡ്മിയം കലർത്തിയ കുറ്റത്തിന് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെമിക്കല്‍ എന്‍ജിനീയര്‍ കോടതിയില്‍. കാലിഫോർണിയയിലാണ് സംഭവം. യുവതിയുടെ വെള്ളക്കുപ്പിയിൽ വിഷം കലർത്തുന്ന ദൃശ്യങ്ങൾ രഹസ്യക്യാമറയിൽ പതിഞ്ഞതോടെയാണ് കേസ് തെളിഞ്ഞത്. വിഷം നൽകിയെന്ന കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കെമിക്കൽ എൻജിനീയറായ ഡേവിഡ് സൂ 2017 മുതൽ 2019 വരെ സഹപ്രവർത്തകയായ റോങ് യുവാന്‍റെ ഭക്ഷണത്തിലും കുടിവെള്ളത്തിലും കാഡ്മിയം കലർത്തിയെന്നാണ് കേസ്. ബെർക്ക്‌ലി എൻജിനീയറിങ് ആൻഡ് റിസർച്ചിൽ മെറ്റലർജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഡേവിഡ്. വിഷബാധയെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട യുവാന് പലതവണ ആശുപത്രിയിൽ കഴിയേണ്ടിവന്നു.

ആരോഗ്യനില തുടർച്ചയായി മോശമാവുകയും പല ദിവസങ്ങളിലും അവധിയെടുക്കേണ്ടിവരികയും ചെയ്തതോടെയാണ് യുവാൻ ജോലി ചെയ്യുന്ന മേശയ്ക്കു സമീപം രഹസ്യക്യാമറ സ്ഥാപിച്ചത്. ഇതോടെ വെള്ളക്കുപ്പിയിൽ ഡേവിഡ് കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ നിർണായക തെളിവായി.

ദൃശ്യങ്ങൾ ആദ്യമായി കണ്ടപ്പോൾ തന്‍റെ രക്തം മരവിച്ചതുപോലെയാണ് തോന്നിയതെന്ന് യുവാൻ സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനോട് പറഞ്ഞു. പലപ്പോഴും മരണത്തിന്‍റെ വക്കിലെത്തിയിരുന്നു. രോഗം മൂർച്ഛിച്ച സമയങ്ങളിലെല്ലാം ഓഫീസിലെ പൂപ്പലായിരിക്കാം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് ഡേവിഡ് സൂ പറഞ്ഞിരുന്നതായും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായും യുവാൻ വെളിപ്പെടുത്തി.

ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ 2019ൽ ഡേവിഡ് സൂ അറസ്റ്റിലായി. കൊലപാതകശ്രമം, വിഷം നൽകൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. യുവാന്‍റെ മാതാപിതാക്കളും അബദ്ധത്തിൽ ഈ വെള്ളം കുടിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. രണ്ട് മില്യൺ ഡോളറിന്‍റെ ജാമ്യത്തിൽ പിന്നീട് പുറത്തിറങ്ങിയ ഡേവിഡിന്‍റ വീട്ടുതടങ്കൽ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയും യാത്രാവിലക്കുകൾ നീക്കുകയും ചെയ്തു.

2023ൽ അലമീഡ കൗണ്ടി ജില്ലാ അറ്റോർണിയുമായി ഡേവിഡ് കുറ്റസമ്മത ധാരണയിലെത്തി. ഇതോടെ കൊലപാതകശ്രമക്കുറ്റങ്ങൾ ഒഴിവാക്കി. തുടർന്ന് രണ്ട് വർഷത്തെ പ്രൊബേഷനാണ് ശിക്ഷയായി ലഭിച്ചത്. തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും നഷ്ടപരിഹാരമായി ഏകദേശം അഞ്ച് ലക്ഷം ഡോളർ അനുവദിക്കണമെന്ന് യുവാൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചത് 7,058 ഡോളർ മാത്രമാണ്. 2026 മാർച്ചിൽ പ്രൊബേഷൻ പൂർത്തിയാക്കിയ ഡേവിഡ് സൂ, കുറ്റക്കാരനെന്ന വിധി ഔദ്യോഗികമായി റദ്ദാക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രൊബേഷൻ ഉൾപ്പെടെയുള്ള നിയമപരമായ നിബന്ധനകൾ പൂർത്തിയാക്കുന്ന പ്രതികൾക്ക് കുറ്റവിധി റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് അർഹതയുണ്ടാകാമെന്നാണ് കാലിഫോർണിയയിലെ നിയമം.

David Xu Seeks to Overturn Conviction in Cadmium Poisoning Case:

Former chemical engineer David Xu has approached a California court seeking to have his criminal conviction overturned after being accused of poisoning his former co-worker Rong Yuan with cadmium over an 18-month period between 2017 and 2019. Yuan suffered severe health problems and repeated hospitalizations before a hidden camera installed near her desk captured Xu tampering with her water bottle, providing crucial evidence in the case. Xu was arrested in 2019 on attempted murder and poisoning charges, but the attempted murder charges were later dropped under a 2023 plea agreement, resulting in a two-year probation sentence. After completing probation in March 2026, Xu is seeking to have his conviction vacated under California law, while Yuan had received only $7,058 of the approximately $500,000 in compensation she sought.