സഞ്ചാരികൾ യാത്രയ്ക്കിടെ സാഹസികത നിറഞ്ഞ ചിത്രങ്ങൾ പകർത്തുന്നതും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും പതിവാണ്. ജീവൻ പണയപ്പെടുത്തി ചിത്രങ്ങളെടുക്കാനുള്ള ശ്രമം പലപ്പോഴും അപകടത്തിലേക്കും നയിക്കാറുണ്ട്. അമേരിക്കയിലെ ഒറിഗണിലെ ലോസ്റ്റ് ബോയ് ബീച്ചിൽ മൂന്ന് സഞ്ചാരികൾ നേരിട്ടതും അത്തരമൊരു സാഹചര്യമാണ്.
വേലിയേറ്റമില്ലാത്ത സമയത്ത് മാത്രം എത്തിപ്പെടാൻ കഴിയുന്ന പാറക്കൂട്ടങ്ങൾ നിറഞ്ഞ ഭാഗത്ത് ചിത്രങ്ങൾ പകർത്താനെത്തിയതായിരുന്നു ഇവർ. എന്നാൽ വേലിയേറ്റം ആരംഭിച്ചതോടെ നിമിഷങ്ങൾക്കകം ഇവർക്ക് ചുറ്റും വെള്ളം നിറഞ്ഞു. ബീച്ചിലേക്ക് മടങ്ങാനുള്ള വഴികളെല്ലാം അതോടെ അടഞ്ഞു. ചുറ്റും കടലാൽ ചുറ്റപ്പെട്ട ഭീതിജനകമായ മണിക്കൂറുകളായിരുന്നു പിന്നീട്.
അപകടസാധ്യതയുള്ള പ്രദേശമായതിനാൽ ഇവർ ഒറ്റപ്പെട്ട പാറക്കെട്ടിൽ കുടുങ്ങിയത് ആരും കണ്ടിരുന്നില്ല. മൊബൈൽ നെറ്റ്‌വർക്കും ലഭ്യമല്ലാതിരുന്നതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഒടുവിൽ സ്മാർട്ട്ഫോണിലെ എമർജൻസി സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ച് 911-ലേക്ക് വിളിക്കാൻ സാധിച്ചു. ഉടൻ തന്നെ നെറ്റാർട്സ്-ഓഷ്യൻസൈഡ് ഫയർ ഡിസ്ട്രിക്റ്റിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ അടിയന്തര തിരച്ചിൽ ആരംഭിച്ചു.
കനത്ത വേലിയേറ്റവും ശക്തമായ തിരമാലകളും കാരണം രക്ഷാപ്രവർത്തകർ ഡ്രോൺ പറത്തിയാണ് ഇവർ നിൽക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാറക്കെട്ടിൽ കിടന്നിരുന്ന മരക്കഷണങ്ങൾ ഉപയോഗിച്ച് ‘SOS’ എന്നെഴുതിയാണ് ഇവർ രക്ഷാസംഘത്തെ ആകര്‍ഷിച്ചത്.
അഞ്ച് മണിക്കൂറോളം ഇവർ പാറക്കെട്ടിൽ കാത്തിരിക്കേണ്ടിവന്നു. വെള്ളം പോലും ലഭിക്കാതെ അവർ അവശരായി. വേലിയേറ്റം തുടരുന്നതിനാൽ പാറക്കെട്ട് വെള്ളത്തിൽ മുങ്ങുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. ഒടുവിൽ രക്ഷാപ്രവർത്തകർ മൂന്നുപേരെയും സുരക്ഷിതമായി കരയിലെത്തിച്ചു.
ലോസ്റ്റ് ബോയ് ബീച്ചിലെ സംഭവം ചൂണ്ടിക്കാട്ടി വൈറൽ ചിത്രങ്ങൾക്കായി ആളുകൾ നടത്തുന്ന അപകടകരമായ സാഹസികതകളെ ചോദ്യം ചെയ്യുകയാണ് സമൂഹമാധ്യമങ്ങളിൽ പലരും