ആയത്തുല്ല അലി ഖമനയിയുടെ കബറടക്കം നാളെ നടക്കാനിരിക്കെ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍.  ഇറാനിലെ വിവിധ സ്ഥലങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.  ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ ആക്രമിച്ചതിന് മറുപടിയെന്നാണ് യു.എസ് സേനയുടെ വാദം. തിരിച്ചടിയായി കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഇറാന്‍ മിസൈലുകള്‍ തൊടുത്തു.

വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് ഇരുപക്ഷവും  തമ്മിലടിക്കുന്നത്. ഇറാന്‍റെ എണ്‍പതിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ ഖാർഗ് ദ്വീപിലും ഖ്വഷ്ം ദ്വീപിലും സിറിക്, ബന്ദർ അബ്ബാസ് തുറമുഖങ്ങളിലും സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  എണ്ണ വിൽക്കാൻ ഇറാന് നൽകിയിരുന്ന പ്രത്യേക അനുമതി പിൻവലിച്ചതായും അമേരിക്ക പ്രഖ്യാപിച്ചു.  

യു.എസിന് മറുപടിയായി ബഹ്റൈനിലും കുവൈത്തിലുമായി 85 യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഒരു യു.എസ് എംക്യു-9 ഡ്രോൺ വെടിവച്ചിട്ടെന്നും  റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.  ഭീഷണിയുടെയും സമ്മര്‍ദത്തിന്‍റെയും കാലം കഴിഞ്ഞെന്നും  ശക്തമായ തിരിച്ചടി നൽകുമെന്നും  ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്  വ്യക്തമാക്കി. 

ആക്രമണങ്ങളെ തുടര്‍ന്ന് ബ്രെന്‍റ് ക്രൂഡ് വില ബാരലിന്  മൂന്ന് ശതമാനം കൂടി. അതിനിടെ  ആയത്തുല്ല അലി ഖമനയിയുടെ ഭൗതിക ശരീരം ഇറാഖിലെ ഷിയാ പുണ്യനഗരമായ നജഫിൽ എത്തിച്ചു. നജഫിലെ ചടങ്ങുകളിൽ  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പങ്കെടുക്കും.  ഖമനയിയുടെ ജന്മസ്ഥലമായ ഇറാനിലെ മഷ്ഹദില്‍ നാളെയാണ് കബറടക്കം.      

ENGLISH SUMMARY:

Ayatollah Ali Khamenei's funeral is set for tomorrow, amid escalating tensions between the United States and Iran. Iran has launched retaliatory missile attacks on Bahrain and Kuwait, following US airstrikes on over eighty Iranian centers. These confrontations come amidst a ceasefire and have led to a rise in Brent crude oil prices, with Khamenei's body having been transferred to Najaf for ceremonies.