തീരുമാനമെടുക്കാന്‍ പറ്റാത്ത ചില പ്രശ്നങ്ങളുണ്ട്.  അത്തരമൊരു തീരുമാനമെടുക്കേണ്ടി വന്ന അച്ഛന്‍റെയും അതിന് പുറകെ നടന്ന പുകിലുകളുടെയും വാര്‍ത്തയാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് പെണ്‍മക്കളെയുമായി പുരുഷന്‍മാരുടെ ശുചിമുറിയില്‍ കയറണോ സ്ത്രീകളുടെ ശുചിമുറിയില്‍ കയറണോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ആണ് ആ അച്ഛനൊരു തീരുമാനമെടുക്കേണ്ടി വന്നത്. 

യുഎസ് അലബാമയിലാണ് വൈറലായ സംഭവമരങ്ങേറിയത്. ഫ്ലോറിഡയില്‍ നിന്നും അലബാമയിലെ വീട്ടിലേക്ക് തന്‍റെ രണ്ട് പെണ്‍മക്കളുമായി പോകുകയായിരുന്നു ടൈലര്‍ ബ്രോഡ്സ്കി എന്ന യുവാവ്. എന്നാല്‍ വഴിയില്‍ വച്ച് കുട്ടികള്‍ക്ക് ശുചിമുറിയില്‍ പോകേണ്ടതായി വന്നു. തുടര്‍ന്ന് വഴിയിലെ ഗാസ് സ്റ്റേഷനില്‍ (പെട്രോള്‍ പമ്പ്) കയറിയ ടൈലര്‍ പെണ്‍മക്കളുമായി ശുചിമുറിയിലെത്തി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും രണ്ട് ശുചിമുറികള്‍  ചെറിയ പെണ്‍മക്കളുമായി ഏത് ശുചിമുറിയില്‍ കയറുമെന്നായി ടൈലറിന്‍റെ ആശങ്ക. 

പ്രാഥമിക കര്‍മങ്ങള്‍ക്ക് ശേഷം കഴുകാന്‍ കുട്ടികള്‍ക്കറിയില്ലായിരുന്നു. പുരുഷന്‍മാരുടെ ശുചിമുറിയില്‍ കയറിയപ്പോള്‍ വൃത്തിഹീനമായ ശുചിമുറി കണ്ട് കുട്ടികള്‍ അകത്ത് കയറാന്‍ വിസമ്മതിച്ചു. അവര്‍ തങ്ങള്‍ക്ക് സ്ത്രീകളുടെ ശുചിമുറി മതിയെന്ന് വാശിപിടിച്ചു. സ്ത്രീകളുടെ ശുചിമുറിയിലെത്തിയ ശേഷം അകത്താളില്ലെന്ന് ഉറപ്പാക്കിയ ടൈലര്‍ കുട്ടികളുമായി അകത്ത് കയറി. 

ഇതിനിടെ സ്ഥാപനത്തിലെ മാനേജര്‍ ഇത് കാണുകയും സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് മാനേജര്‍ പെണ്‍കുട്ടികള്‍ക്ക് പിന്നാലെ ഒരു പുരുഷന്‍ സ്ത്രീകളുടെ ശുചിമുറിയില്‍ കയറുന്നു എന്ന് പൊലീസിനെ വിളിച്ച് പരാതി നല്‍കി. മാനേജര്‍ ശുചിമുറിയിലെത്തി വാതില്‍ തുറക്കുകയും താന്‍ പൊലീസിനെ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഇത് തന്‍റെ മക്കളാണെന്ന് ടൈലര്‍ പറഞ്ഞിട്ടും മാനേജര്‍ പിന്തിരിയാന്‍ തയ്യാറായില്ല.

ഇതിനിടെ കുട്ടികള്‍ ബഹളം കേട്ട് ‘ഡാഡി’ എന്ന് വിളിച്ച് കരയുന്നത് കേള്‍ക്കാം. ഇത് ശ്രദ്ധിച്ച സ്ഥാപനത്തിലെ മറ്റൊരു മാനേജര്‍ ഇടപെട്ട് പൊലീസിനെ വിളിച്ച മാനേജരെ സ്ഥലത്ത് നിന്ന് മാറ്റുകയും ടൈലറിനോട് ക്ഷമചോദിക്കുകയുമായിരുന്നു.ഇതിനോടകം പൊലീസ് സ്ഥലത്തെത്തിയിരുന്നു. ടൈലറിനോട് സംസാരിച്ച പൊലീസ് ടൈലര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് അംഗീകരിച്ച് മടങ്ങി. 

പിന്നാലെ ടൈലര്‍ മാനേജറുമായുള്ള വഴക്കിനിടെ ചിത്രീകരിച്ച വിഡിയോ ടിക്–ടോക്കില്‍ അപ്‍ലോഡ് ചെയ്യുകയായിരുന്നു. വിഡിയോ വൈറലായതോടെ ടൈലറിനെ ന്യായീകരിച്ചും മാനേജറെ വിമര്‍ശിച്ചും നിരവധി ആളുകളെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ വിഡിയോ 28 ദശലക്ഷം ആളുകള്‍ കണ്ടു. പിന്നാലെ ടൈലര്‍ കയറിയ ഗ്യാസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്ന കമ്പനി രംഗത്തെത്തി. തങ്ങള്‍ ടൈലറിന് തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് ഉണ്ടായ മോശം അനുഭവത്തിന് മാപ്പ് ചോദിക്കുന്നുവെന്നും ടൈലറിനെ ശല്യം ചെയ്ത മാനേജരുടെ നടപടി സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും മാനേജറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും വ്യക്തമാക്കി. ഇതോടെ നിരവധി പേരാണ് വിഷയത്തില്‍ സ്ഥപനത്തിനെയും ശാന്തമായി വിഷയം നേരിട്ട ടൈലറിനെയും ഇടയ്ക്ക് കയറി ഇടപെട്ട രണ്ടാമത്തെ മാനേജറിനെയും പ്രശംസിക്കുന്നത്. 

ENGLISH SUMMARY:

A father's difficult decision to choose a restroom for his daughters went viral, highlighting a common parenting challenge. This incident, which occurred in Alabama, sparked a debate about public restroom accessibility and safety.