Image Credit : https://x.com/illicitinv/status/2065623816261324929/photo/2
'ട്രെൻ ഡി അരഗ്വ' എന്ന മാഫിയാ സംഘത്തിന്റെ നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. നിനോ ഗ്വറേറോ എന്നറിയപ്പെടുന്ന ഹെക്ടർ റസ്തൻഫോർഡ് ഗ്വറേറോ ഫ്ലോറസിനെയാണ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്. അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച മാഫിയ സംഘമാണ് ട്രെൻ ഡി അരഗ്വ. വ്യോമാക്രമണത്തിന്‍റേതെന്ന് കരുതുന്ന ഒരു വിഡിയോയും ട്രംപ് കുറിപ്പിനൊപ്പം ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചു.
പച്ചനിറത്തിലുളള ഒരു കെട്ടിടവും അതിനടുത്തുളള ഒരു കൊച്ചുടെന്‍റും വ്യോമാക്രമണത്തില്‍ തകരുന്നതും അവശിഷ്ടങ്ങൾ അന്തരീക്ഷത്തിലേക്ക് തെറിക്കുന്നതുമാണ് വിഡിയോയിലുളളത്. ട്രംപ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ...'എന്റെ നിർദ്ദേശപ്രകാരം, ഭൂമിയിലെ ഏറ്റവും രക്തദാഹികളായ തീവ്രവാദ സംഘടനകളിലൊന്ന് 'ട്രെൻ ഡി അരഗ്വ'യുടെ നേതാവ് നിനോ ഗ്വറേറോയെ യുണൈറ്റഡ് സ്റ്റേറ്റ്സ് സതേൺ കമാൻഡ് അതിവേഗവും മാരകവുമായ വ്യോമാക്രമണത്തിലൂടെ വധിച്ചു. ഞാൻ വീണ്ടും അധികാരത്തിൽ വരുന്നതിന് മുൻപ്, ജോ ബൈഡൻ നമ്മുടെ തെക്കൻ അതിർത്തി ദശലക്ഷക്കണക്കിന് അനധികൃത കുറ്റവാളികൾക്കായി തുറന്നുകൊടുക്കുകയും, അമേരിക്കൻ പൗരന്മാരെ കൊല്ലാനും പീഡിപ്പിക്കാനും ഈ വിദേശ സൈന്യത്തിന് അനുവാദം നൽകുകയും ചെയ്തു'.
'എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ഈ രാക്ഷസന്മാരെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും 12 വയസുകാരി ജോസെലിൻ നുങ്കരായ്, 22 വയസ്സുകാരി ലേക്കൻ റെയ്‌ലി എന്നിവരുൾപ്പെടെ അവർ കൊന്നൊടുക്കിയ എണ്ണമറ്റ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്തിരുന്നു. ഈ നടപടിയിലൂടെ, യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടിയുള്ള പ്രതികാരം നിർവഹിച്ചിരിക്കുന്നു. എന്റെ ഭരണകൂടത്തിന്റെ തുടക്കത്തിൽ തന്നെ, 'ട്രെൻ ഡി അരഗ്വ'യെ ഒരു വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം ഞാൻ നിറവേറ്റി. അയ്യായിരത്തിലധികം ക്രൂരന്മാരായ കുറ്റവാളികളെ നാടുകടത്തുകയും, ദീർഘകാലമായി നമ്മുടെ പൗരന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ യുദ്ധം നയിക്കുകയും ചെയ്തു'.
'ദുർബലരായ നേതാക്കൾ അമേരിക്കയെ നിസ്സഹായരും പ്രതിരോധമില്ലാത്തവരുമാക്കിയ സാഹചര്യത്തിലായിരുന്നു ഇത്. ഈ നടപടി വെനസ്വേലയിലെ നമ്മുടെ സുഹൃത്തുക്കളുമായുളള സഹകരണത്തോടെയാണ് ഏകോപിപ്പിച്ചത്. അവരുമായി നമ്മൾ വളരെ നല്ല രീതിയിലാണ് ഒന്നിച്ച് പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലമായി, 'ട്രെൻ ഡി അരഗ്വ' തീവ്രവാദികൾക്ക് വെനസ്വേലയിലോ മറ്റെവിടെയെങ്കിലുമോ ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ല. എന്റെ നേതൃത്വത്തിൽ, ഈ ക്രൂരന്മാരായ കൊലയാളികളെയും മയക്കുമരുന്ന് രാജാക്കന്മാരെയും എപ്പോൾ വേണമെങ്കിലും എവിടെവെച്ചും നമ്മൾ കണ്ടെത്തി, അവർ അർഹിക്കുന്ന നരകത്തിന്റെ ആഴങ്ങളിലേക്ക് അയക്കും. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!' ട്രംപ് കുറിച്ചു.