Image Credit: Majid Asgaripour/WANA (West Asia News Agency) via REUTERS

യുഎസ്– ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പെന്നോണം വീണ്ടും ബാനര്‍ ഉയര്‍ത്തി ഇറാന്‍. അമേരിക്കൻ പതാക പുതപ്പിച്ച ശവപ്പെട്ടികളും ആ ശവപ്പെട്ടികള്‍ക്ക് മുകളില്‍ ട്രംപിന്‍റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകളുമുള്ള ബാനറാണ് ഇറാന്‍ ഉയര്‍ത്തിയത്. കത്തുന്ന വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിലുള്ള ബാനറിൽ ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡോൺ ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണുള്ളത്. പേർഷ്യൻ ഭാഷയിൽ ‘ചോരയ്ക്ക് ചോര’ എന്നും എഴുതിയിട്ടുണ്ട്.

അടുത്തിടെ ടെഹ്‌റാനിലെ എംഗലാബ് സ്ക്വയറിൽ ട്രംപിന്റെ മൃതദേഹം കറുത്ത ശവപ്പെട്ടിയിൽ കിടക്കുന്ന രീതിയിലുള്ള മറ്റൊരു ബിൽബോർഡും ഇറാൻ ഉയർത്തിയിരുന്നു. ബിൽബോർഡിലെ തുറന്ന ശവപ്പെട്ടിയിൽ നിന്ന് ട്രംപിന്റെ തല പുറത്തേക്ക് കാണാം, മുടി ചിതറി കണ്ണുകള്‍ അടഞ്ഞ നിലയിലായിരുന്നു ആ ചിത്രം. 'ഞങ്ങള്‍ ട്രംപിനെ കൊല്ലും' എന്ന സന്ദേശവും ബില്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളിലാണ് സന്ദേശം രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ്- ഇസ്രയേൽ സംഘര്‍ഷം ആരംഭിച്ചതുമുതൽ, തങ്ങളുടെ ആശയപ്രചാരണത്തിനായി ടെഹ്‌റാനിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഇറാൻ ഇത്തരം കൂറ്റൻ ബിൽബോർഡുകൾ സ്ഥാപിച്ചുവരികയാണ്.

അതേസമയം, കഴിഞ്ഞ ആഴ്ച ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ വധത്തിന് പ്രതികാരം ചെയ്യുമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികൾ ആരും തന്നെ സ്വന്തം കിടക്കകളിൽ ‘സമാധാനത്തോടെ മരിക്കില്ല’ എന്നും അദ്ദേഹം പറഞ്ഞു. താൻ ഔദ്യോഗിക പദവികളിൽ ഉണ്ടായാലും ഇല്ലെങ്കിലും ഈ പ്രതികാരം രാജ്യം നടപ്പാക്കുമെന്നാണ് അദ്ദേഹം തന്റെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമം ഉണ്ടായാൽ ഇറാനെ ബോംബിട്ട് തകർക്കാൻ ഔദ്യോഗികമായി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തുകയുണ്ടായി. താൻ ദീർഘകാലമായി ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നാണ് ട്രംപ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം, ഇറാനെതിരെ വലിയ തോതിലുള്ള സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുടർച്ചയായ ആറ് ദിവസത്തെ ബോംബാക്രമണങ്ങൾക്ക് ശേഷം, ഇറാന്റെ പവർ പ്ലാന്റുകളും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ ട്രംപ് കൂടുതൽ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് യുഎസ്- ഇസ്രയേൽ വൃത്തങ്ങൾ നൽകുന്ന സൂചന.

ENGLISH SUMMARY:

Amid escalating US-Iran tensions, Iran has raised an aggressive new banner featuring Melania Trump and their five children alongside Donald Trump over images of American flag-draped coffins and a burning White House. The provocative display, which carries the Persian inscription "blood for blood," follows another recent billboard in Tehran's Enghelab Square explicitly threatening Trump's life. Tensions intensified after Iran’s Supreme Leader Mojtaba Khamenei declared that the perpetrators behind his father's assassination would never die peacefully in their beds. In response, Trump revealed he has pre-authorized the devastating bombing of Iran if an assassination attempt is made, as international media reports suggest the US is already preparing massive airstrikes targeting Iranian infrastructure.