ആക്രമണത്തിന് പിന്നാലെ ആരാംകോയ്ക്ക് മുകളിലെ കനത്ത പുക (Image Credit: Planet Labs/ AP)

  • ജേസനിലെയും ആഭയിലെയും എണ്ണപ്പാടങ്ങളില്‍ നിന്ന് കറുത്ത പുക വലിയ തോതില്‍ ഉയരുന്നതിന്‍റെ ഉപഗ്രഹചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ ഊര്‍ജകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സൗദി താല്‍കാലികമായി നിര്‍ത്തി

ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ സൈന്യം. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് നിന്നുമാണ് യുഎസ് മുങ്ങിക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ' അമേരിക്കന്‍ ഭീകരവാദി സൈന്യത്തിന്‍റെ അത്യാധുനിക, ആളില്ലാ സ്മാര്‍ട്ട് മുങ്ങിക്കപ്പല്‍ ഹോര്‍മുസിന്‍റെ കവാടത്തില്‍ വച്ച് ഐആര്‍ജിസിയുടെ  നാവിക സംഘം ഇതാ പിടിച്ചെടുത്തിരിക്കുന്നു. 2025 ലേതാണ് ഈ മുങ്ങിക്കപ്പല്‍. പിടിച്ചെടുത്തതിന്‍റെ കൂടുതല്‍ വിവരങ്ങളും ദൃശ്യങ്ങളും മണിക്കൂറുകള്‍ക്കകം പുറത്തുവിടും' എന്നായിരുന്നു ഐആര്‍ജിസിയുടെ എക്സ് പോസ്റ്റ്. കടലില്‍ മൈനുകള്‍ പാകിയത് എവിടെയൊക്കെ, സബ് മറൈന്‍ കേബിളുകളും പൈപ്പ്​ലൈനുകളും എവിടെ എന്നെല്ലാം കൃത്യമായി കണ്ടെത്താനും വിലയിരുത്താനും കഴിവുള്ള മുങ്ങിക്കപ്പലാണിത്.

ഐആര്‍ജിസി പുറത്തുവിട്ട ചിത്രം (Image Credit: Sepahnews/AFP)

ഇതിന് പിന്നാലെ ജോര്‍ദാനിലെ യുഎസ് വ്യോമത്താവളത്തിന് നേരെയും ഇറാന്‍ സൈന്യം കനത്ത ആക്രമണം നടത്തി. ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ നശിപ്പിച്ചതായി അമേരിക്ക അവകാശപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചടി. ഒപ്പം ഹൂതികളും ഇറാന് വേണ്ടി സൗദിയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലെ നാല് നഗരങ്ങളില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 73 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. 

ഖാമിസ് മുഷെയ്ത്, ആഭ, നര്‍ദാന്‍,ജേസാന്‍ എന്നിവിടങ്ങളിലെ എണ്ണപ്പാടങ്ങളും ഊര്‍ജകേന്ദ്രങ്ങളും ലക്ഷ്യമിട്ട് വലിയ ആക്രമണം നടന്നു. വലിയ തീ ആളിക്കത്തുന്നതിന്‍റെ ദൃശ്യങ്ങളും സൗദിയില്‍ നിന്ന് പുറത്തുവന്നു. ജേസനിലെയും ആഭയിലെയും എണ്ണപ്പാടങ്ങളില്‍ നിന്ന് കറുത്ത പുക വലിയ തോതില്‍ ഉയരുന്നതിന്‍റെ ഉപഗ്രഹചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ ഊര്‍ജകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സൗദി താല്‍കാലികമായി നിര്‍ത്തിവച്ചു. 

യുഎസ് അതിക്രമത്തിന് അതിലും വലിയ അളവില്‍ തിരിച്ചടി നല്‍കാനാണ് തീരുമാനമെന്നും കുവൈത്ത്, ബഹ്റൈന്‍ തീരത്തുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. കപ്പലുകളിലെ ജീവനക്കാരെ ഒഴിപ്പിക്കാനും അന്ത്യശാസനം നല്‍കി. അതേസമയം ഇറാനെതിരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ പറഞ്ഞു. 

ENGLISH SUMMARY:

An unmanned U.S. smart submarine capable of mapping underwater pipelines, cables, and mines was captured by Iran’s IRGC Navy near the Strait of Hormuz, in response to U.S. claims of seizing five Iranian oil tankers. Escalating the regional conflict, Iran launched strikes on a U.S. air base in Jordan, while Houthi forces launched missile attacks on four cities in Saudi Arabia, injuring 73 people and striking critical energy infrastructure. Satellite imagery from NASA confirmed major fires at oil facilities in Jizan and Abha, prompting Saudi Arabia to temporarily halt operations at these energy centers. As Iran issued ultimatums warning of further strikes against U.S. vessels off Kuwait and Bahrain, U.S. Secretary of State Marco Rubio affirmed that Washington will not back down from its military stance against Iran.