Image: IRGC,File, AFP
സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ലെബനനിലെ ഹിസ്ബുള്ള, ഹമാസ്, യെമനിലെ ഹൂതി, ഇറാഖിലെ ഇറാന്‍ അനുകൂല വിഭാഗങ്ങള്‍ എന്നിവരെ ചേര്‍ത്തുള്ള ആക്രമണമാണ് ഇറാന്‍റെ പദ്ധതി.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ നിന്നും വ്യത്യസ്തമായി ഇസ്രയേലിനെ എല്ലാ മേഖലയില്‍ നിന്നും സമ്മർദ്ദത്തിലാക്കുകയാണ് ഇറാന്‍റെ തന്ത്രം. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഐആര്‍ജിസിയുടെ രഹസ്യന്വേഷണ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഹിസ്ബുള്ള, ഹൂതികൾ, എന്നിവരുടെ കമാൻഡർമാരുമായി ചർച്ചകൾ നടത്തിയെന്നാണ് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മേഖലയിലെ സഖ്യകക്ഷികൾ തമ്മിൽ ശക്തമായ സൈനിക-ഓപ്പറേഷണൽ ഏകോപനമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. മേഖല ശാന്തമായിരുന്ന സമയത്ത് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കമാൻഡർമാരുമായി കോൺഫറൻസ് കോളുകളില്‍ സംസാരിച്ചിരുന്നതായി മുതിർന്ന ഐആര്‍ജിസി ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുണ്ട്. ഹിസ്ബുല്ലയ്ക്കെതിരെ ഇസ്രയേല്‍ നടത്തിയ കനത്ത ആക്രമണവും സിറിയയില്‍ ഭരണം മാറിയതും അടക്കം മേഖലയില്‍ ഇറാന്‍റെ പിന്തുണ കുറയുന്നു എന്ന വാദങ്ങള്‍ക്കിടെയാണ് പുതിയ ചര്‍ച്ച.
നിലവില്‍ ഹോര്‍മുസില്‍ ഇറാനും യു.എസും തമ്മില്‍ ശക്തമായി പോരാട്ടത്തിലാണ്. 24 മണിക്കൂറിനകം ഒന്‍പതു കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ മൂന്നു കപ്പലുകള്‍ യു.എസ് ആക്രമിച്ചപ്പോള്‍ തിരിച്ചടിയായി യു.എസിന്‍റെ ആറു കപ്പലുകൾ ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ കപ്പലുകളെ ആക്രമിക്കുമെന്ന് ഐആര്‍ജിസി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പേര്‍ഷ്യന്‍ കടലിടുക്കിലും ഹോര്‍മുസിലും അനധികൃതമായി സഞ്ചരിച്ച കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഐആര്‍ജിസി വ്യക്തമാക്കി. മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഈ മേഖലയില്‍ പ്രവേശിച്ചുവെന്നായിരുന്നു ഇറാന്‍റെ ആരോപണം. ഇതില്‍ യുഎസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.