ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെയും ഇറാഖി തീവ്രസംഘങ്ങളുടെയും ഭീഷണിയെ തുടർന്ന് പാക്കിസ്ഥാനുമായും തുർക്കിയുമായും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. യെമനിലും സൗദിയുടെ തെക്കൻ പ്രവിശ്യയായ നജ്റാനിലും ഹൂതികൾ നടത്തിയ രൂക്ഷമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സൈനിക നീക്കം. സൗദിയിലെ എണ്ണപ്പാടങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പുമുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യെമനിലും സൗദി അതിർത്തിയിലും നടന്ന ആക്രമണങ്ങളിൽ 58 യെമൻ സൈനികരും സാധാരണക്കാരുമടക്കം 60 പേരാണ് കൊല്ലപ്പെട്ടത്. നജ്റാനിൽ നടന്ന ആക്രമണത്തിൽ ഏഴ് സൗദി പൗരന്മാർക്കും വിദേശികൾക്കും ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ നാല് വർഷത്തിനിടെ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ആൾനാശമാണിത്. സൗദിയും യു.എസും നടത്തുന്ന സൈനിക നടപടികൾക്കുള്ള തിരിച്ചടിയാണിതെന്നും ചെങ്കടലിൽ സൗദി കപ്പലുകൾക്ക് സഞ്ചാരവിലക്ക് ഏർപ്പെടുത്തിയതായും ഹൂതികൾ വ്യക്തമാക്കി.
മേഖലയിലെ നയതന്ത്ര സമാധാന നീക്കങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അക്രമ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതെന്ന് സൗദി വ്യക്തമാക്കുന്നു. ഏത് കടുത്ത ഭീഷണിയെയും നേരിടാൻ സൈന്യത്തെ സജ്ജമാക്കിയ സൗദി, രാജ്യ സുരക്ഷ ഉറപ്പാക്കാനാണ് പാക്കിസ്ഥാനെയും തുർക്കിയെയും കൂട്ടുപിടിച്ച് സംയുക്ത സൈനിക സഖ്യം രൂപീകരിച്ചിരിക്കുന്നത്. കരാറിലേർപ്പെട്ട ഏതെങ്കിലും ഒരു രാജ്യത്തിനു നേരെ ആക്രമണമുണ്ടായാൽ കൂട്ടായ തിരിച്ചടിയുണ്ടാകും. എന്നാൽ ഇതൊരു മുൻകൂട്ടിയുള്ള ആക്രമണ സഖ്യമല്ലെന്നും പ്രതിരോധത്തിന് മാത്രമാണ് മുൻഗണനയെന്നും തുർക്കി വ്യക്തമാക്കിയിട്ടുണ്ട്.