Image Credit:x/iRANinSalone
ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യല്‍ പൂര്‍ത്തിയായെന്ന യുഎസ് വാദത്തിന് പിന്നാലെ പരിഹാസവുമായി ഇറാന്‍. ഇറാന്‍റെ സിയേറ ലിയോണിലെ എംബസിയാണ് ഹോര്‍മുസ് കടലിടുക്കിന്‍റെ ത്രിമാന ഭൂപടത്തില്‍ മൈന്‍സ്വീപ്പര്‍ ഗെയിം കളിച്ചുള്ള 35 സെക്കന്‍റ് വിഡിയോ പങ്കുവച്ചത്. ഇതിന് ക്യാപ്ഷനായാണ് ഹബീബി (അങ്കിള്‍ സാം), ഇറാനിലേക്ക് പോരൂ' എന്നും കുറിച്ചത്. ഹോര്‍മുസില്‍ മൈന്‍ പാകാന്‍ ഉപയോഗിക്കുന്ന റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിക്കാനെന്ന പേരില്‍ യുഎസ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത് സ്ഥിതി രൂക്ഷമാക്കിയിരുന്നു. മിസൈല്‍ ആക്രമണത്തില്‍ കുട്ടികളും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഐആര്‍ജിസി ആരോപിച്ചിരുന്നു.
കടലിലുള്ള മൈനുകള്‍ നീക്കം ചെയ്തുവെന്നും ഇനി മൈന്‍ പാകാന്‍ ശ്രമം നടത്തിയാല്‍ ഇറാന്റെ കപ്പലുകളും ബോട്ടുകളും തകര്‍ക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ജോര്‍ദാനിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു. കനത്ത നഷ്ടമുണ്ടാക്കിയെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ അറിയിച്ചു. എട്ട് മിസൈലുകള്‍ പ്രതിരോധിച്ചുവെന്നായിരുന്നു ജോര്‍ദാന്‍ സൈന്യത്തിന്റെ സ്ഥിരീകരണം.
ഇതിന് പിന്നാലെ ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് ആക്രമണം കടുപ്പിച്ചു. ഐആര്‍ജിസിയുടെ വ്യോമപ്രതിരോധം, റഡാര്‍ സംവിധാനം, നാവിക കേന്ദ്രങ്ങള്‍, മൈന്‍ സംഭരണശാലകള്‍, ആശയവിനിമയ ഉപാധികള്‍ എന്നിവ നശിപ്പിച്ചുവെന്ന് യുഎസ് സെന്‍റ്കോം അവകാശപ്പെട്ടു. സൈനിക കേന്ദ്രത്തെയല്ല, ടെഹ്റാനില്‍ നടന്ന വിവാഹ സല്‍ക്കാരച്ചടങ്ങിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളടക്കം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇക്കാര്യം അമേരിക്ക നിഷേധിക്കുകയാണുണ്ടായത്.