Image credit: AP
അമേരിക്കന്‍ നാവിക സേനയെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഇറാന്‍റെ എണ്ണക്കപ്പലുകള്‍ മുക്കിക്കളയുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സെത്ത്. വെടിയുതിര്‍ക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാര്യം ലളിതമാണ്.. ഇറാന്‍ ഇനി യുഎസ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ ഞങ്ങള്‍ അവരുടെ ഓയില്‍ ടാങ്കറുകള്‍ മുക്കിക്കളയും. ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ട്. യുഎസ് നേവിക്ക് നേരെ വെടിയുതിര്‍ക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. ഒരു പ്രതിരോധവുമില്ലാതെയാണ് ഇറാന്‍റെ എണ്ണക്കപ്പലുകള്‍ സഞ്ചരിക്കുന്നത്. അവര്‍ക്ക് വ്യോമ–നാവിക സേനകളേ ഇല്ല. ഞങ്ങളുടെ വിമാനങ്ങളും കപ്പലുകളും അന്തര്‍വാഹിനികളും അവരെ പൂര്‍ണമായും നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്'- പീറ്റ് ഹേഗ്സെത്ത് വിശദമാക്കി.
യുഎസ് വിമാനത്തെയും ഡിസ്ട്രോയറെയും ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് ഐആര്‍ജിസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പക്ഷേ ഇക്കാര്യം യുഎസ് സൈന്യം ആദ്യം സ്ഥിരീകരിച്ചിരുന്നില്ല.
അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ ഇറാന്‍ സാമ്പത്തികമായി വലിയ വില കൊടുക്കേണ്ടി വരുമെന്ന് യുഎസ് സെന്‍റ്കോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. രണ്ട് യുഎസ് കപ്പലുകളെ ഇറാന്‍ ആക്രമിച്ചുവെന്നും ബ്രാഡ് കൂപ്പര്‍ സ്ഥിരീകരിച്ചു. അതേസമയം, ഇറാന്‍റെ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത നടപടിക്ക് യുഎസ് സേനയെ പ്രേരിപ്പിക്കരുതെന്നും കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി. ഖര്‍ഗ് ദ്വീപിന് സമീപം ഇറാന്‍റെ മൂന്ന് കപ്പലുകളെ ആക്രമിച്ചതിന് പിന്നാലെയാണ് പീറ്റ് ഹേഗ്സെത്തിന്‍റെ മുന്നറിയിപ്പ്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ കപ്പലുകളെ ആക്രമിക്കുമെന്ന് ഐആര്‍ജിസി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പേര്‍ഷ്യന്‍ കടലിടുക്കിലും ഹോര്‍മുസിലും അനധികൃതമായി സഞ്ചരിച്ച കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഐആര്‍ജിസി വ്യക്തമാക്കി. മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഈ മേഖലയില്‍ പ്രവേശിച്ചുവെന്നായിരുന്നു ഇറാന്‍റെ ആരോപണം. ഇതില്‍ യുഎസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.