umbrella-death

സാധാരണവും നിരുപദ്രവകരവുമായ ഒരു വസ്തുവിന് കൃത്യമായ സാഹചര്യങ്ങളില്‍ എത്രത്തോളം അപകടകരമാകാമെന്ന് വ്യക്തമാക്കുന്നതാണ് യുഎസ് സൗത്ത് കരോലിനയില്‍ നിന്ന് വരുന്ന വാര്‍ത്ത. ഈ മാസം 23നാണ് ഭീകരമായ സംഭവമരങ്ങേറിയത്. ഡ്രിഫ്റ്റ്‌വൂഡിലെ ഔട്ട്ഡോര്‍ റസ്റ്ററന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു 52കാരിയായ ഡേന വിങ്ങറും ഭര്‍ത്താവും. പൊടുന്നനെ ഒരു കാറ്റടിക്കുകയും ഇവരുടെ മേശയ്ക്ക് മുകളിലുണ്ടായിരുന്ന കുട നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഡേനയുടെ ശരീരത്തിലേക്ക് വീണ കുട കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

നിലത്തുവീണ ഡേന പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആളുകള്‍ അത്യാഹിത നമ്പറില്‍ വിളിക്കുകയും അടിയന്തര സഹായ സംഘം എത്തുകയും ചെയ്തു. എന്നാല്‍ സിപിആര്‍ നല്‍കിയിട്ടും ഡേന പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഡേനയുടെ കഴുത്തില്‍ കുട തട്ടിയുണ്ടായ മുറിവ് മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാദ്യമല്ല യുഎസില്‍ കുട തട്ടി അപകടങ്ങളും മരണങ്ങളുമുണ്ടാകുന്നത്. യു.എസ്. കൺസ്യൂമർ പ്രോഡക്ട് സേഫ്റ്റി കമ്മീഷൻ (CPSC) കണക്ക് പ്രകാരം, ഓരോ വർഷവും പാറ്റിയോ (patio), ബീച്ച് കുടകൾ കാരണം ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കുന്നുണ്ടെന്നാണ്. ഇതിൽ ചിലത് ദാരുണമായ മരണങ്ങളിലേക്കും നയിച്ചിട്ടുണ്ട്.

2022 ഓഗസ്റ്റില്‍ സൗത്ത് കരോളിനയില്‍ വച്ച് തന്നെ ഗാർഡൻ സിറ്റിയിലെ ഒരു ബീച്ചിൽ വെച്ച് ടാമി പെറോൾട്ട് എന്ന 63 വയസ്സുകാരി കൊല്ലപ്പെട്ടു. ശക്തമായ കാറ്റിൽ ബീച്ച് കുട അതിന്റെ ഉറപ്പിച്ചു നിർത്തിയ ഭാഗത്തില്‍ നിന്ന് വേർപെടുകയും, അതിന്റെ കൂർത്ത അഗ്രം അവരുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയും ചെയ്തു. 2016ല്‍ വിർജീനിയ ബീച്ചിൽ വെച്ച് കാറ്റിൽ പറന്ന ബീച്ച് കുട നെഞ്ചിൽ തറച്ചുകയറി ലോട്ടി മിഷേൽ ബെൽക്ക് എന്ന 55 വയസ്സുകാരി മരണപ്പെട്ടിരുന്നു.

ENGLISH SUMMARY:

A patron umbrella accident led to a fatality in South Carolina, highlighting how everyday objects can become dangerous under specific conditions. This incident, where a patio umbrella fell and fatally injured a woman, underscores the need for caution in outdoor settings.