എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ ഓപ്പറേഷനില്‍ അമേരിക്ക വെനസ്വേലന്‍ സൈനികര്‍ക്ക് നേരെ പ്രയോഗിച്ചത് ‘ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ’ ആയുധമെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ശനിയാഴ്ച എക്സിൽ പങ്കിട്ട ഒരു ദൃക്സാക്ഷി വിവരണത്തിലാണ് ഈ നിഗൂഢ ആയുധത്തെ കുറിച്ച് പരാമര്‍ശമുള്ളത്. അന്ന് രാത്രി യുഎസ് സൈന്യവുമായി ഏറ്റുമുട്ടിയ വെനസ്വേലന്‍ സൈനികരിലൊരാളാണ് ഈ ദൃക്സാക്ഷി എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് യുഎസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ പ്രസ്താവനകളോ നടത്തിയിട്ടില്ല.
താൻ ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഒരു സാങ്കേതികവിദ്യയാണ് യുഎസ് സൈനികർ ഉപയോഗിച്ചതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ‘ഞങ്ങൾ ജോലിയിലായിരുന്നു. പക്ഷേ പെട്ടെന്ന് എല്ലാ റഡാർ സംവിധാനങ്ങളും യാതൊരു വിശദീകരണവുമില്ലാതെ ഓഫായി. അടുത്തതായി ഞങ്ങൾ കണ്ടത് ധാരാളം ഡ്രോണുകൾ ഞങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നതായിരുന്നു. എന്ത് ചെയ്യണമെന്നോ എങ്ങിനെ പ്രതികരിക്കണമോ എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഹെലികോപ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വെറും 20 യുഎസ് സൈനികർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ തോക്കുകളേക്കാൾ വളരെ ശക്തമായ എന്തോ ഒന്ന് പ്രയോഗിച്ചു’ അദ്ദേഹം പറഞ്ഞു.
‘നിഗൂഢ ആയുധം’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ‘വളരെ തീവ്രമായ ശബ്ദതരംഗം പോലെ തോന്നിക്കുന്ന ഒന്ന് അത് പുറപ്പെടുവിച്ചു. എന്റെ തല ഉള്ളിൽ നിന്ന് പൊട്ടിത്തെറിക്കുന്നത് പോലെ എനിക്ക് തോന്നി. സൈനികരുടെ മൂക്കിൽ നിന്ന് രക്തം വന്നു തുടങ്ങി. എല്ലാവരും രക്തം ഛർദ്ദിച്ചു. അനങ്ങാൻ കഴിയാതെ നിലത്തു വീണു’. അങ്ങേയറ്റം കൃത്യതയോടെയും വേഗതയോടെയുമാണ് സൈനികര്‍ വെടിവച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്. ‘ഞങ്ങൾ നൂറുകണക്കിന് പേരുണ്ടായിരുന്നു. പക്ഷേ അവരെ തൊടാന്‍ പോലുമായില്ല’ അദ്ദേഹം പറഞ്ഞു.
‘അമേരിക്കയെ എതിര്‍ക്കാന്‍ ശക്തിയുണ്ടെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അവരുടെ ശക്തിയെ കുറിച്ച് നിങ്ങള്‍ക്കറിയില്ല. അന്ന് കൂട്ടക്കൊലയാണ് നടന്നത്. ഞങ്ങൾ നൂറുകണക്കിന് പേരുണ്ടായിരുന്നു പക്ഷേ അവിടെ ഞങ്ങള്‍ക്ക് ഒരു റോളും ഇല്ലായിരുന്നു. ആ ഇരുപത് പേർ, അവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നൂറുകണക്കിന് പേരുണ്ടായിരുന്ന ഞങ്ങളെ കൊന്നൊടുക്കി. അന്നത്തെ ആ കാഴ്ചയ്ക്ക് ശേഷം ഇനി ഒരിക്കലും അമേരിക്കയെ എതിര്‍ക്കാന്‍, അവരുടെ എതിരെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ അദ്ദേഹം പറയുന്നു. മൈക്ക് നെറ്റര്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് ദൃക്സാക്ഷിയുടെ വിവരണം പങ്കിട്ടിരിക്കുന്നത്.
‘നിഗൂഢ ആയുധ’ത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണങ്ങളുമായി വിദഗ്ദരുമെത്തി. മൈക്രോവേവ് പോലുള്ള ഫോക്കസ്ഡ് എനർജി ഉപയോഗിക്കുന്ന ഡയറക്ട് എനർജി ആയുധങ്ങളായിരിക്കാം ഇതാണെന്നാണ് പേരുവെളിപ്പെടുത്താത്ത മുൻ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥന്‍ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞത്. അത്തരം സംവിധാനങ്ങൾ പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ടെന്നും ഇവ രക്തസ്രാവം, ദിശാബോധം നഷ്ടപ്പെടൽ, ശാരീരിക വൈകല്യം എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇത്തരത്തില്‍ ഒരു ആയുധം ഉപയോഗിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല.