നാട്ടില്‍ സ്ത്രീപുരുഷ അനുപാതത്തില്‍ വലിയ അന്തരമുണ്ടായാല്‍ എന്തുചെയ്യും? പങ്കാളികളെ കിട്ടാതെ, പരസ്പരം പങ്കിടുന്ന ജോലികള്‍ ഒറ്റയ്ക്ക് ചെയ്ത് ആകെ വലഞ്ഞത് തന്നെ. പക്ഷേ ഇതിന് എന്താകും ഒരു പോംവഴി? പങ്കാളിയെ വേണ്ടവര്‍ ഒന്നുകില്‍ നാടുവിടേണ്ടി വരും. അല്ലെങ്കിലോ? യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലെ സ്ത്രീകള്‍ ഇതിന് ചെറിയൊരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. ഇവിടെ മണിക്കൂര്‍ കണക്കില്‍ ഭര്‍ത്താക്കന്‍മാരെ വാടകയക്കെടുക്കാന്‍ കിട്ടും.
കേള്‍ക്കുമ്പോള്‍ അതിശയോക്തിയായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ലാത്വിയയിൽ അത്യാവശ്യഘട്ടങ്ങളില്‍ ഒരു സഹായത്തിന് പുരുഷന്‍മാരെ വാടകയ്ക്കെടുക്കാം. യൂറോസ്റ്റാറ്റിന്‍റെ കണക്കനുസരിച്ച് ഇവിടെ പുരുഷന്മാരെക്കാൾ 15.5 ശതമാനം കൂടുതലാണ് സ്ത്രീജനസംഖ്യ. ഇത് യൂറോപ്യൻ യൂണിയനിലെ ശരാശരി ലിംഗ അന്തരത്തിന്‍റെ മൂന്നിരട്ടിയിലധികമാണ്. ഇവിടെ 65 വയസ്സിനു മുകളിലുള്ളവരിൽ പുരുഷന്മാരുടെ ഇരട്ടിയിലധികം സ്ത്രീകളുണ്ടെന്ന് 'വേൾഡ് അറ്റ്ലസ്' സർവേയും വ്യക്തമാക്കുന്നു.
ഗാര്‍ഹിക ജോലികള്‍ പങ്കുവയ്ക്കാനാണ് പുരുഷന്‍മാരുടെ ആവശ്യം സ്ത്രീകള്‍ക്ക് അനിവാര്യമായി വരുന്നത്. പ്ലംബിംഗ്, മരപ്പണി, അറ്റകുറ്റപ്പണികൾ, ടിവി മൗണ്ടിംഗ്, ചുവരുകൾ പെയിന്‍റ് ചെയ്യുക, കർട്ടനുകൾ ശരിയാക്കുക തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യുന്നവര്‍ക്കാണ് ഡിമാന്‍ഡ്. 'കൊമാൻഡ24' പോലുള്ള പ്ലാറ്റ്‌ഫോമുകൾ 'സ്വർണ്ണക്കൈകളുള്ള പുരുഷന്മാർ' (മെൻ വിത്ത് ഗോൾഡൻ ഹാൻഡ്സ്) എന്ന പേരിൽ ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് വീട്ടുജോലികൾ പങ്കുവയ്ക്കാനും ഓണ്‍ലൈന്‍ വഴിയോ ഫോണിലൂടെയോ പുരുഷന്‍മാരെ വാടകയ്ക്കെടുക്കാം. മണിക്കൂറിനൊരു ഭർത്താവ്' (ഹസ്ബൻഡ് ഫോർ ആൻ അവർ) എന്ന പേരിൽ ഓൺലൈനായോ ഫോണിലൂടെയോ ബുക്ക് ചെയ്യാനും ലാത്വിയയിൽ അവസരമുണ്ട്. മണിക്കൂറിന് 44 ഡോളര്‍ അതായത് 4000 രൂപയാണ് വാടക. മുഴുവന്‍ ദിവസം വേണമെങ്കില്‍ 280 ഡോളര്‍ അതായത് 25,000 രൂപയ്ക്കടുത്ത് കൊടുക്കേണ്ടി വരും. പക്ഷേ, റൊമാന്‍റിക് സേവനങ്ങളൊന്നും വാടക ഭര്‍ത്താക്കന്‍മാരില്‍ നിന്ന് ലഭ്യമല്ല.
ലാത്വയയിലെ പുരുഷന്‍മാരുടെ എണ്ണം ഇങ്ങനെ കുറയാന്‍ എന്തു സംഭവിച്ചു?
ഉയർന്ന പുകവലി നിരക്കും ജീവിതശൈലീ രോഗങ്ങളും മൂലം പുരുഷ ആയുർദൈർഘ്യം കുറയുന്നതാണ് ഇത്തൊരു അസന്തുലിതാവസ്ഥ ഉണ്ടാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'വേൾഡ് അറ്റ്ലസ്' അനുസരിച്ച്, ലാത്വിയയിലെ 31% പുരുഷന്മാർ പുകവലിക്കുമ്പോൾ സ്ത്രീകളിൽ ഇത് 10% മാത്രമാണ്. അമിതവണ്ണവും പൊണ്ണത്തടിയും പുരുഷന്മാരിൽ കൂടുതലാണ്. ജോലിസ്ഥലത്തെ അപകടകങ്ങളും പുരുഷന്‍മാരുടെ ആയുസ്സ് കുറയ്ക്കുന്നു.
നാട്ടിൽ അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടായതിനാല്‍ വിദേശത്തേക്ക് കുടിയേറുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. എന്നാല്‍ ഭർത്താക്കന്മാരെ വാടകയ്ക്ക് നൽകുന്ന പ്രവണത ലാത്വിയയിൽ മാത്രാണ് എന്ന് പറയാനാകില്ല. 2022-ൽ യുകെയിൽ ലോറ യങ് എന്ന യുവതി 'റെന്‍റ് മൈ ഹാൻഡി ഹസ്ബൻഡ്' എന്ന പേരിൽ സ്വന്തം ഭർത്താവായ ജയിംസിനെ വിവിധ ജോലികൾക്കായി വാടകയ്ക്ക് നൽകി വൈറലായിരുന്നു. അതേസമയം മികച്ച ലിംഗാനുപാതം ഉണ്ടായിരുന്നെങ്കിൽ സാമൂഹികമായ ഇടപെടലുകൾ കൂടുതൽ സജീവമാകുമായിരുന്നു എന്നാണ് ലാത്വിയന്‍ സ്ത്രീകളുടെ പ്രതീക്ഷ.