ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതിയെ കുത്തികൊലപ്പെടുത്തി മുന്‍ ഭര്‍ത്താവ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഹൈദരാബാദിലെ വനസ്ഥലിപുരത്ത് താമസിക്കുന്ന സുനിത (30) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ മുൻഭർത്താവ് ദേവരകൊണ്ട മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിത മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹമോചനവും സുനിത രണ്ടാം വിവാഹം കഴിച്ചതിലുള്ള പകയുമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്‍റെ അനുമാനം. മാത്രമല്ല മഹേഷിനെതിരെ സുനിത കേസ് നല്‍കിയതിലും അത് തന്‍റെ വിദേശത്തെ ജോലി നഷ്ടപ്പെടുത്തിയതിലും മഹേഷിന് അവളോട് വിദ്വേഷം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
2022 ലാണ് സുനിതയും മഹേഷും വിവാഹിതരാകുന്നത്. ഇന്ത്യയിലെ വിവാഹത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മഹേഷ് കാനഡയിലേക്ക് പോയി. പിന്നാലെ സുനിതയും. എന്നാൽ, ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും സുനിത ഇന്ത്യയിലേക്ക് മടങ്ങുകയുമായിരുന്നു. തുടർന്ന് മഹേഷിനെതിരെ സുനിത ഗാർഹിക പീഡന കേസ് ഫയൽ ചെയ്തു.
കഴിഞ്ഞ വർഷം മാർച്ചിൽ, അമ്മയുടെ മരണത്തെത്തുടർന്ന് മഹേഷ് ഇന്ത്യയിലെത്തി. എന്നാല്‍ സുനിത നല്‍കിയ കേസുമായി ബന്ധപ്പെട്ട് ഇതിനകം മഹേഷിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ മഹേഷിന് തിരികെ പോകാന്‍ സാധിച്ചില്ല. മഹേഷിന്‍റെ പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതിനുശേഷം തൊഴില്‍ രഹിതനായ മഹേഷ് തെലങ്കാനയിലെ സ്വന്തം ഗ്രാമത്തിൽ കഴിയുകയായിരുന്നു. 2024 ല്‍ സുനിതയും മഹേഷുംം വിവാഹമോചിതരാകുകയും ചെയ്തു. പിന്നാലെ 2025 ഏപ്രിലിൽ സുനിത വീണ്ടും വിവാഹം കഴിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് മഹേഷ് സുനിതയുടെ താമസ സ്ഥലം കണ്ടെത്തുന്നത്. തുടര്‍ന്ന് രണ്ട് മാസം മുമ്പ് ഹൈദരാബാദിൽ എത്തിയ മഹേഷ് ഒരു ഹോസ്റ്റലിൽ റൂമെടുത്തു. ഹോസ്റ്റലിൽ താമസിച്ച് കൊലപാതകം ആസൂത്രണം ചെയ്തു. ബുധനാഴ്ച സുനിതയുടെ ഫ്ളാറ്റിലേക്ക് അതിക്രമിച്ചു കയറിയ മഹേഷ് മുറി അകത്തുനിന്ന് പൂട്ടി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. സുനിതയെ പലതവണ കുത്തിയ ശേഷം പൂച്ചട്ടി കൊണ്ട് തലയിൽ അടിച്ച് തകര്‍ക്കുകയും ചെയ്തു. ക്രൂരമായി ആക്രമിക്കപ്പെട്ട സുനിത സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
ഈ സമയം സുനിതയുടെ ഭര്‍തൃമാതാവ് ടെറസിൽ വസ്ത്രങ്ങൾ ഉണക്കുകയായിരുന്നു. സഹോദരൻ മറ്റൊരു മുറിയിൽ ജോലി ചെയ്യുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന സുനിതയെയായിരുന്നു. ഈ സമയം മഹേഷ് ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ശുചിമുറിയുടെ വാതില്‍ പൊളിച്ചാണ് പൊലീസ് മഹേഷിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് കത്തികൾ അടങ്ങിയ ഒരു ബാഗ്, ഒരു ഡ്രില്ലിങ് മെഷീൻ, അഞ്ച് ലിറ്റർ പെട്രോൾ എന്നിവ മഹേഷിന്‍റെ കൈവശമുണ്ടായിരുന്നു. മഹേഷിനെതിരെ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.