ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന തലസ്ഥാന നഗരിയെ നടുക്കുന്നതായിരുന്നു നടുറോഡില്‍ പട്ടാപ്പകല്‍ അരങ്ങേറിയ കൊലപാതകം. തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫിസിന് സമീപമായിരുന്നു കാറിലെത്തിയ സംഘം യുവാവിനെ വീടിന് മുന്നില്‍ വെട്ടിയിട്ടത്. നാട് നടുങ്ങി. നാട്ടുകാര്‍ പകച്ചു. ഞായറാഴ്ച ഉച്ചസമയം.
വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിൽ സമീപത്തെ ചമ്പക്കടയിലുള്ള സ്വന്തം വീടിനടുത്തേക്ക് വരികയായിരുന്നു വിശാഖ് . വിശാഖിനായി പ്രതികള്‍ കാത്തിരുന്നു. പെട്ടെന്ന് വിശാഖിന്റെ അയല്‍വാസിയും പഴയ സുഹൃത്തുമായ പ്രദീപ് വിശാഖിനെ വെട്ടുന്നു. കൈക്കും കാലിനും വയറിനും പലതവണ വെട്ടേറ്റ് വീണ വിശാഖിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ആരും മുന്നോട്ട് വന്നില്ല.
പോലീസും ആംബുലൻസും എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴേക്കും വിശാഖ് മരിച്ചിരുന്നു. KL 27 H 9286 എന്ന നമ്പറുള്ള മാരുതി ഓൾട്ടോ കാറിൽ ആണ് പ്രദീപ് എത്തിയത്. ആയുധങ്ങളുമായി 4 പേര് കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു.