Image Credit : Twitter/X

മഹാരാഷ്ട്രയില്‍ മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ മര്‍ദനമേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 38കാരിയായ യാമിനി കൃഷ്ണലാല്‍ യാദവാണാണ് ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭർത്താവ് കൃഷ്ണലാൽ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മദ്യലഹരിയില്‍ വീട്ടിലെത്തിയ കൃഷ്ണലാൽ ഭാര്യ യാമിനിയോട് ഭക്ഷണമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ഡാന്‍സ് ക്ലാസ് ഉണ്ടെന്നും ഭക്ഷണമുണ്ടാക്കാനുളള സമയം ഇപ്പോഴില്ലെന്നുമായിരുന്നു യാമിനിയുടെ മറുപടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതോടെ ഡാന്‍സ് ക്ലാസിലേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്ന യാമിനിയെ കൃഷ്ണലാല്‍ ക്രൂരമായി മര്‍ദിച്ചു.

മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൃഷ്ണലാല്‍ യാമിനിയെ മര്‍ദിച്ചത്. കഴുത്തിലും വയറ്റിലുമായിരുന്നു യാമിനിക്ക് കൂടുതലും മര്‍ദനമേറ്റത്. രാത്രിയോടെ മര്‍ദനമേറ്റിടത്ത് കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭര്‍ത്താവിനോട് മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങിത്തരാന്‍ അഭ്യര്‍ഥിച്ചു. ഉടന്‍ തന്നെ മരുന്ന് വാങ്ങാനായി കൃഷ്ണലാല്‍ പോയെങ്കിലും കടകള്‍ അടച്ചിരുന്നതിനാല്‍ മരുന്ന് ലഭിച്ചില്ല. പിന്നാലെ യാമിനിയുടെ ആരോ​ഗ്യനില വഷളായി. മർദനമേറ്റ ഭാ​ഗങ്ങളിൽ വീർപ്പുണ്ടായി. ഇതോടെയാണ് ഭർത്താവ് യാമിനിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റതാണെന്നായിരുന്നു ആശുപത്രി അധികൃതരോട് കൃഷ്ണലാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് അപകടമല്ല, യാമിനിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന വിവരം പുറത്തറിയുന്നത്. യാമിനിയുടെ കഴുത്തെല്ല് ഒടിഞ്ഞിരുന്നെന്നും വയറ്റില്‍ ഗുരുതര പരുക്കും രക്തസ്രാവവും ഉണ്ടായിരുന്നെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് യാമിനിയുടെ സഹോദരന്‍റെ പരാതിയില്‍ കൃഷ്ണലാലിനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തത്. 

ENGLISH SUMMARY:

Tragic news from Maharashtra details the death of a wife in Nagpur due to severe injuries sustained from an assault by her drunken husband. The incident, which began with a domestic dispute over food, escalated into a fatal attack, with the husband now arrested by the police.