കുടുംബതർക്കത്തെത്തുടർന്ന് പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് നടുറോഡിൽ വെടിവച്ചു കൊന്നു. ഫരീദാബാദിൽ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിഹാർ സ്വദേശിനിയായ 30-കാരി സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ഭർത്താവുമായും ഭർതൃവീട്ടുകാരുമായും അകന്നു കഴിയുകയായിരുന്ന സംഗീതയും രണ്ട് മക്കളും  കുറച്ചുനാളായി തനിച്ചായിരുന്നു താമസം. ഇവരുടെ വിവാഹമോചനക്കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച രാത്രി ഭർത്താവും ബന്ധുക്കളും സംഗീതയുടെ വീട്ടിലെത്തിയെങ്കിലും അവർ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ ഇവർ മടങ്ങിപ്പോകുന്നതിനിടെ റോഡിലൂടെ നടന്നു വരികയായിരുന്ന സംഗീതയെ കാണുകയും തടഞ്ഞുനിർത്തുകയുമായിരുന്നു. തുടർന്നുണ്ടായ തർക്കം രൂക്ഷമായതോടെ ഭർത്താവ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സംഗീതയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തു.

രണ്ട് വെടിയുണ്ടകൾ ശരീരത്തിൽ തറച്ച സംഗീത സംഭവസ്ഥലത്ത് തന്നെ വീണു. വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സംഗീതയെ പിതാവും അയൽക്കാരും ചേർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, ബിഹാർ സ്വദേശിയായ പ്രതിയെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു.

ENGLISH SUMMARY:

A 30-year-old woman, Sangeeta Devi, was shot dead by her estranged husband in Faridabad following a divorce dispute. The police have launched a manhunt for the accused