Image Credit: X/ HateDetectors

ബെംഗളൂരുവില്‍ 22 കാരിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. ബംഗളൂരു സൗത്ത് മഗഡി സ്വദേശി ഭവാനിയാണ് മരിച്ചത്. തിഗലരപാളയയിലെ മൊബൈൽ ഫോൺ കടയിൽ ബില്ലിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു ഭവാനി. പ്രതിയെന്ന് സംശയിക്കുന്ന ഭവാനിയുടെ പങ്കാളി ചന്ദ്രശേഖര്‍ വിഷം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയിലാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറാണ് ചന്ദ്രശേഖര്‍. 

 

ബ്യാദരഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസഹള്ളി റോഡിലെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് ഭവാനി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഭവാനിയും ചന്ദ്രശേഖരും ഒരു വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. വീട്ടുകാരെ അറിയിക്കാതെയായിരുന്നു ഇത്. നേരത്തെ വിവാഹിതനായ ചന്ദ്രശേഖറിന് ആറു വയസ് പ്രായമുള്ള കുട്ടിയുണ്ട്.

 

ഇക്കാര്യം അടുത്തിടെയാണ് ഭവാനി അറിഞ്ഞത്. ഇതോടെ ചന്ദ്രശേഖറുമായി ഇടഞ്ഞ ഭവാനി വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചനയ്ക്ക് സമ്മതം അറിയിക്കുകയായിരുന്നു. അടുത്ത ആഴ്ച വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. വിവാഹനിശ്ചയം അറിഞ്ഞ ചന്ദ്രശേഖർ ശനിയാഴ്ച വീട്ടിലെത്തി ഭവാനിയുമായി വഴക്കുണ്ടാക്കി. പ്രകോപിതനായ ചന്ദ്രശേഖർ വിവാഹ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തു. ഈ ചിത്രം കണ്ട ഭവാനിയുടെ കുടുംബാംഗങ്ങൾ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 

 

ഇക്കാര്യം അന്വേഷിക്കാന്‍ ഭവാനിയെ പലതവണ വിളിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് പിതാവ് വീട്ടുടമയെ അറിയിച്ചതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വീട്ടുടമ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ഭവാനി മരിച്ച നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയാലിയിരുന്നു ചന്ദ്രശേഖര്‍.

 

വിഷം കഴിച്ച് ജീവനൊടുക്കാന്‍ ചന്ദ്രശേഖര്‍ ഭവാനിയെ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭവാനി വിഷം ഛര്‍ദ്ദിച്ചു കളഞ്ഞതോടെ ചന്ദ്രശേഖര്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. പിന്നീട് ചന്ദ്രശേഖര്‍ കൂടുതല്‍ വിഷം കഴിച്ചതാകാം അബോധാവസ്ഥയിലാകാന്‍ കാരണമെന്നുമാണ് പൊലീസ് വിലയിരുത്തല്‍. ഭവാനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ആശുപത്രിയില്‍ കഴിയുന്ന ചന്ദ്രശേഖര്‍ പൊലീസ് കസ്റ്റഡിയിലാണ്. 

ENGLISH SUMMARY:

A 22-year-old woman named Bhavani was found dead in her residence in Bengaluru, with police suspecting it to be a murder committed by her partner, Chandrashekar. The couple had married secretly a year ago, but tensions arose after Bhavani discovered that Chandrashekar was already married and had a child, leading her to agree to an arranged marriage proposal from her family. Upon learning of her impending engagement, an enraged Chandrashekar confronted Bhavani and posted their wedding photos on Instagram, eventually leading to her death. Police suspect that Chandrashekar first coerced Bhavani into consuming poison and, when she resisted, strangled her to death before consuming the poison himself; he is currently in police custody while recovering in the hospital.