വിവാഹമോചനത്തിനായി അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയ യുവതി ഒടുവില്‍ കോടതിവളപ്പില്‍ വച്ച് തന്നെ ഭര്‍ത്താവുമായി ഒത്തുച്ചേര്‍ന്നു. ഡല്‍ഹി കോടതി വളപ്പിലാണ് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിച്ച വൈകാരികമായ പുനഃസമാഗമം സംഭവിച്ചത്. 2020ല്‍ വിവാഹിതരായ ശിഖ, സൗരഭ് എന്നീ ദമ്പതികളാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒന്നിച്ചത്.

അഭിപ്രായ വ്യത്യാസങ്ങളും കുടുംബപ്രശ്നങ്ങളുമാണ് ഇരുവരെയും വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 വര്‍ഷത്തോളം കേസ് നടത്തിയതും മാനസിക സമ്മര്‍ദവുമെല്ലാം ശിഖയെയും കുടുംബത്തെയും സാരമായി തന്നെ ബാധിച്ചിരുന്നു. മകളുടെ ഭാവിെയക്കുറിച്ചുള്ള ആശങ്കകളും കോടതിച്ചിലവുകളും കാരണം ശിഖയുടെ പിതാവിന്‍റെ സമ്പാദ്യം ഏകദേശം തീര്‍ന്നിരുന്നു. ഇതിനിടയില്‍ ശിഖയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുടുംബം ചികില്‍സിച്ചിരുന്നത്.

എന്നാല്‍ ഭാര്യാപിതാവിന്‍റെ രോഗവിവരത്തെ കുറിച്ച് അറിഞ്ഞ സൗരഭ് ഉടനെ ആശുപത്രിയിലെത്തുകയും അദ്ദേഹത്തെ അവിടെ നിന്ന് ഗുരുഗ്രാമിലെ മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുകയും ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതിനെ തുടർന്ന് അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. സൗരഭ് ഇതെല്ലാം ചെയ്യുന്നതിനിടയിലും വിവാഹമോചനക്കേസ് നടക്കുന്നുണ്ടായിരുന്നു. കടുത്ത തർക്കങ്ങൾക്കിടയിലും സൗരഭ് കാണിച്ച ഈ കാരുണ്യം ശിഖയുടെ ചിന്തകളെ മാറ്റിമറിച്ചു.

തൊട്ടടുത്ത ദിവസം കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ പതിവുപോലെ ശിഖയും സൗരഭും കോടതിയിലെത്തി. ഇരുവരുടെയും അഭിഭാഷകര്‍ വാദപ്രതിവാദവും തുടര്‍ന്നു. ഇതിനിടയില്‍ നിങ്ങള്‍ ഇപ്പോഴും വിവാഹമോചനം ആഗ്രഹിക്കുന്നുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ശിഖയുടെ മുഖത്ത് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് സൗരഭ് ചെയ്തത്. 5 വര്‍ഷം ഉളളിലൊതുക്കിയ ദേഷ്യവും അമര്‍ഷവും സങ്കടവുമെല്ലാം ഒറ്റനിമിഷം കൊണ്ട് മറന്ന ശിഖ തന്റെ കൈവശമിരുന്ന വിവാഹമോചന പേപ്പറുകൾ കോടതിമുറിയിൽ വെച്ച് തന്നെ കീറിയെറിയുകയും ഭർത്താവിന്റെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു. പരസ്പരം പിരിയാന്‍ തീരുമാനിച്ച ദിവസം തന്നെ ഏറെ സ്നേഹത്തോടെ ഒന്നായ ദമ്പതികളെ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടി കോടതിയിലുണ്ടായിരുന്നവര്‍. ഇങ്ങനെ ഒരു അപൂര്‍വനിമിഷത്തിന് ഡല്‍ഹി കോടതിയും സാക്ഷിയായി. 

 

 

ENGLISH SUMMARY:

Reunited couples after a five-year legal battle for divorce are making headlines. This emotional reunion, which took place in a Delhi court, brought tears to the eyes of onlookers and signifies a remarkable comeback in their relationship.