Image Credit: reuters/ AFP (Right)
യുഎസിന്‍റെ ദേശീയ സുരക്ഷിതത്വത്തിന് ഗ്രീന്‍ലാന്‍ഡും കൂടി വേണമെന്ന് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയില്‍ നടത്തിയ അധിനിവേശത്തിന് പിന്നാലെയാണ് ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദം ട്രംപ് ആവര്‍ത്തിച്ചത്. എയര്‍ഫോഴ്സ് വണില്‍ വാഷിങ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രംപ് പുതിയ ഭീഷണി മുഴക്കിയത്. ദേശീയ സുരക്ഷാര്‍ഥം ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയോട് ചേര്‍ക്കുമെന്നും ഡെന്‍മാര്‍ക്കിന് അത് തടയാന്‍ കഴിയില്ലെന്നുമായിരുന്നു വാക്കുകള്‍. ധാതുക്കള്‍ കൊണ്ട് സമ്പന്നമായ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ടെക് ഇന്‍ഡസ്ട്രിക്ക് അത്യാവശ്യമാണെന്നാണ് ട്രംപിന്‍റെ നിലപാട്. പ്രതിരോധാവശ്യത്തിനായി ഭൂപ്രദേശം കൂടിയേ തീരൂവെന്നും ട്രംപ് ആവര്‍ത്തിച്ചു.
Image Credit: Reuters
അതേസമയം, ഗ്രീന്‍ലാന്‍ഡിനെ ചൊല്ലി ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കൂവെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണ്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കി. തീര്‍ത്തും അസംബന്ധമാണ് യുഎസ് നിലപാടെന്ന് അവര്‍ പറഞ്ഞു. കാലങ്ങള്‍ക്ക് മുന്‍പേ തന്നെ അമേരിക്കയുടെ സഖ്യകക്ഷിയായ രാജ്യമാണ് ഡെന്‍മാര്‍ക്കെന്നും ഭീഷണി വേണ്ടെന്നും അവര്‍ തുറന്നടിക്കുകയും ചെയ്തു.
ട്രംപിന്‍റെ ഉറ്റ അനുയായി സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാത്തി മില്ലര്‍ ഗ്രീന്‍ലാന്‍ഡിന്‍റെ ഭൂപടത്തില്‍ യുഎസ് ഫ്ലാഗ് വച്ച് Soon' എന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ അഭ്യൂഹങ്ങള്‍ ബലപ്പെട്ടു. കാത്തി മില്ലറുടെ പോസ്റ്റ് അവഹേളനമാണെന്നും പരസ്പര ധാരണയുടെയും ബഹുമാനത്തിന്‍റെയും രാജ്യാന്തര നിയമങ്ങളുടെയും പുറത്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകുന്നതെന്നായിരുന്നു ഡെന്‍മാര്‍ക്കിന്‍റെ പ്രതികരണം. നിലവിലെ ഭീഷണികളില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും രാജ്യം വില്‍പ്പനയ്ക്ക് വച്ചിട്ടില്ലെന്നും സമൂഹമാധ്യമപ്പോസ്റ്റുകളല്ല രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കുന്നതെന്നും ഡാനിഷ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടികിലെ തന്ത്രപ്രധാന കേന്ദ്രമായ ഗ്രീന്‍ലാന്‍ഡില്‍ ട്രംപ് കണ്ണുവച്ചിട്ട് കുറച്ച് കാലമായി.ആധുനിക സാങ്കേതികവിദ്യയ്ക്കും ഇലക്ട്രോണിക്സ് വ്യവസായത്തിനും ആവശ്യമായ അമൂല്യമായ ധാതുക്കളുടെ വലിയ ശേഖരമാണ് ഗ്രീന്‍ലാന്‍ഡിലുള്ളത്. ഭൂപ്രദേശം കൈയിലെത്തിയാല്‍ ചൈനയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാന്‍ യുഎസിന് കഴിയും. ഇതാണ് ഇടയ്ക്കിടെ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയോട് ചേര്‍ക്കുമെന്ന് ട്രംപ് പറയുന്നതിന്‍റെ അടിസ്ഥാന കാരണം. വെനസ്വേലയില്‍ നടത്തിയ സൈനിക നടപടിയോടെ അടുത്തത് ഗ്രീന്‍ലാന്‍ഡോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.