ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ പാക്കിസ്ഥാന്‍ ആക്രമിച്ചപ്പോള്‍ ജീവരക്ഷാര്‍ഥം ബങ്കറില്‍ ഒളിക്കാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചുവെന്ന് വെളിപ്പെടുത്തി പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി. ശനിയാഴ്ച നടന്ന പൊതുചടങ്ങിലാണ് പാക് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തല്‍. 'എന്‍റെ മിലിട്ടറി സെക്രട്ടറി അടുത്തെത്തിയ ശേഷം സര്‍, യുദ്ധം തുടങ്ങിക്കഴിഞ്ഞു.. നമുക്ക് ബങ്കറിലേക്ക് പോകാം എന്ന് പറഞ്ഞു. ‍ഞാന്‍ പക്ഷേ ആ ഉപദേശം സ്വീകരിച്ചില്ല' എന്നായിരുന്നു സര്‍ദാരിയുടെ വാക്കുകള്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്‍റെ രാഷ്ട്രീയ നേതൃത്വവും സൈന്യവും ഒരുപോലെ വിറച്ചുപോയെന്ന് സമ്മതിക്കുന്നതാണ് സര്‍ദാരിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ സൈന്യത്തിന്‍റെ ഡയറക്ടര്‍ ജനറല്‍ ഇന്ത്യന്‍ സൈന്യവുമായി  ബന്ധപ്പെടുകയും വെടിനിര്‍ത്തലിന് അഭ്യര്‍ഥിക്കുകയുമായിരുന്നു. ഇന്ത്യ ഇത് അംഗീകരിക്കുകയുമായിരുന്നു. Read More: 36 മണിക്കൂര്‍ പാക്കിസ്ഥാന് മേല്‍ വീണത് 80 ഡ്രോണുകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്‍റെ രാഷ്ട്രീയ നേതൃത്വവും സൈന്യവും ഒരുപോലെ വിറച്ചുപോയെന്ന് സമ്മതിക്കുന്നതാണ് സര്‍ദാരിയുടെ വെളിപ്പെടുത്തല്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ നിരപരാധികളുടെ ജീവനെടുത്തതിന് തിരിച്ചടിയായി പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ നിയന്ത്രിതവും കൃത്യവുമായ ആക്രമണം നടത്തിയിരുന്നു. ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് മേയ് 7ന് പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ഈ ആക്രമണത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമായില്ല.

ഇതിന് പിന്നാലെ അതിര്‍ത്തി കടന്ന്  പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ഷെല്ലാക്രമണം നടത്തി. ഇതാണ് വലിയ സംഘര്‍ഷത്തിന് കാരണമായത്. ഇതോടെ പാക്കിസ്ഥാനിലെ 11 വ്യോമത്താവളങ്ങളില്‍ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുകയായിരുന്നു. ഈ തിരിച്ചടിയില്‍ റാവല്‍പിണ്ടിയോളം കിടുങ്ങി. നൂര്‍ ഖാന്‍ വ്യോമത്താവളം ലക്ഷ്യമാക്കി ഇന്ത്യ ബ്രഹ്മോസ് തൊടുക്കുകയും അത് ലക്ഷ്യം കാണുകയും ചെയ്തു. 

നൂര്‍ ഖാന്‍ വ്യോമത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചുവെന്ന് പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധര്‍ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. ഇതോടെ ഇന്ത്യയുടെ ആക്രമണത്തില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന പാക്കിസ്ഥാന്‍റെ വാദങ്ങളെല്ലാം പൊളിയുകയും ചെയ്തു. 

ENGLISH SUMMARY:

Pakistan President Asif Ali Zardari revealed that he was advised to hide in a bunker during India's Operation Sindoor. He admitted the military was in panic as India targeted 11 airbases, including Noor Khan. Eventually, the Pakistan DG MO requested a ceasefire from India.