ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. യുഎസ്  കോണ്‍സുലേറ്റില്‍ പ്രക്ഷോഭകര്‍ തീയിട്ടു. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ജനക്കൂട്ടം ആക്രമിച്ചു. നൂറുകണക്കിനുപേരാണ് വാതില്‍ തകര്‍ത്ത് തള്ളിക്കയറിയത്. പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റ് അടിച്ചു തകര്‍ത്തു. വടിയും കല്ലും ആയുധങ്ങളുമായാണ് ആള്‍ക്കൂട്ടമെത്തിയത്. പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 9 പേര്‍ കൊല്ലപ്പെട്ടു.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടെന്നാണ് സൂചന. അക്രമികള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ത്തു. പ്രതിഷേധത്തിനിടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇറാനെ പിന്തുണച്ചാണ് ജനങ്ങള്‍ പാക്കിസ്ഥാനില്‍ തെരുവിലിറങ്ങിയത്. 

 

ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും വ്യാപിക്കുകയാണ്. ഖമനയിയുടെ മരണം സ്ഥിരീകരിച്ചതോടെ  ഇറാനില്‍ സര്‍ക്കാരിനെ അനുകൂലിച്ചും വിമര്‍ശിച്ചും ജനങ്ങള്‍ തെരുവിലിറങ്ങി.  സംയുക്താക്രമണത്തിനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ യു.എസിലും ആയിരങ്ങള്‍ പ്രതിഷേധിച്ചു 

 

രാജ്യത്തിന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്നറിഞ്ഞതോടെ ഇസ്രയേലിനെതിരെ തിരിച്ചടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറാനിലെ ഒരുവിഭാഗം തെരുവിലിറങ്ങിയത്. എന്നാല്‍ സംഘര്‍ഷം വഷളാക്കാതെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മറു വിഭാഗവും രംഗത്തെത്തി

 

ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെതിരെ യു.എസിലും ജനങ്ങള്‍ പ്രതിഷേധിച്ചു . NO WAR WITH IRAN എന്ന മുദ്രവാക്യത്തോടെയായിരുന്നു പ്രതിഷേധം. ട്രംപിന്റെ സൈനീക നടപടി ഭരണഘടനാ വിരുദ്ധമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ നഗരങ്ങളിലേക്ക് ആയിരങ്ങള്‍ പ്രതിഷേധവുമായി എത്തി. യൂറോപ്പിലും ട്രംപിനെതിരെ പ്രതിഷേധം ശക്തമാണ്. ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ നഗരങ്ങളില്‍ സമാധാന റാലികള്‍ നടന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമുണ്ടായി. ഖമനയി കൊല്ലപ്പെട്ടതില്‍ ജമ്മു കശ്മീരിലും ഉത്തര്‍പ്രദേശിലും ഷിയ മുസ്​ലീം വിഭാഗക്കാര്‍ തെരുവിലിറങ്ങി. 

ENGLISH SUMMARY:

Following the death of Iran's Supreme Leader, Ayatollah Khamenei, large protests erupted in Pakistan, with demonstrators setting fire to the US consulate in Karachi. These events are part of escalating global unrest amid the intensified Iran-Israel conflict.