ishaq-dar-pak-deputy-pm-2504

ഓപ്പറേഷന്‍ സിന്ദൂറില്‍ സൈനിക കേന്ദ്രങ്ങള്‍ക്കടക്കം നാശനഷ്ടം സംഭവിച്ചെന്നും സൈനികര്‍ക്ക് പരുക്കേറ്റെന്നും സമ്മതിച്ച് പാക്കിസ്ഥാന്‍. 36 മണിക്കൂറില്‍ 80 ഡ്രോണുകള്‍ തീ മഴ പോലെ പാക്കിസ്ഥാന് മേല്‍ പെയ്തിറങ്ങിയെന്നും സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്നും പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധര്‍ ആണ് വെളിപ്പെടുത്തിയത്. അതേസമയം ഇന്ത്യ തൊടുത്ത ഡ്രോണുകളില്‍ 79 എണ്ണവും നിര്‍വീര്യമാക്കിയെന്ന അവകാശവാദവും ധര്‍ ഉയര്‍ത്തുന്നു. തടുക്കാനാവാതെ പോയ ഒരു ഡ്രോണാണ് സൈനിക കേന്ദ്രത്തില്‍ നാശം വിതച്ചതും സൈനികര്‍ക്ക് പരുക്കേല്‍പ്പിച്ചതുമെന്നാണ് വാദം. വര്‍ഷാവസാന വാര്‍ത്താസമ്മേളനത്തിലാണ് പാക്കിസ്ഥാന്‍റെ ഉപ പ്രധാനമന്ത്രി കൂടിയായ ധര്‍ ഇക്കാര്യം സമ്മതിച്ചത്. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചിരുന്നുവെന്നും സാരമായ നഷ്ടമുണ്ടായെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ തിരിച്ചടിക്കുന്നതിനായി പാക്കിസ്ഥാന്‍റെ സിവില്‍–മിലിട്ടറി നേതൃത്വം യോഗം ചേര്‍ന്നിരുന്നുവെന്നും അതില്‍ സുപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നുവെന്നും ധര്‍ വെളിപ്പെടുത്തി. മേയ് 10ന് പുലര്‍ച്ചെ നൂര്‍ ഖാന്‍ വ്യോമത്താവളം ആക്രമിച്ചുകൊണ്ട് ഇന്ത്യ തെറ്റു ചെയ്തുവെന്നായിരുന്നു ധര്‍ ആരോപിച്ചത്. റാവല്‍പിണ്ടിയില്‍ സ്ഥിതി ചെയ്യുന്ന നൂര്‍ഖാന്‍,പാക്കിസ്ഥാന്‍റെ തന്ത്രപ്രധാന വ്യോമത്താവളമാണ്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നൂര്‍ ഖാന്‍ വ്യോമത്താവളം ആക്രമിച്ചെന്ന് ഇന്ത്യ തെളിവു സഹിതം നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും റാവല്‍പിണ്ടിയോളം ഇന്ത്യന്‍ സാന്നിധ്യമെത്തിയെന്ന് പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. സര്‍ഗോധ, റാഫിഖ്വി, ജക്കോബബാദ്, മുരിദ്കെ വ്യോമത്താവളങ്ങളും ഇതിന് പുറമെ ഇന്ത്യ ആക്രമിച്ചിരുന്നു. 

ധറിന്‍റെ തുറന്ന് പറച്ചിലോടെ സൈനിക നടപടിയെ കുറിച്ചുള്ള ഇന്ത്യന്‍ വാദങ്ങള്‍ പരസ്യമായി പാക്കിസ്ഥാനും അംഗീകരിച്ചിരിക്കുകയാണ്. പാക് വിദേശകാര്യമന്ത്രി കള്ളം പറയുന്നവനാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നായിരുന്നു ഇതിനോട് റിട്ട.ലഫ്റ്റനന്‍റ് ജനറല്‍ കെജെഎസ് ധില്ലന്‍റെ പ്രതികരണം. ' ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവര്‍ക്കെന്ന പേരില്‍ 138 പേര്‍ക്കാണ് ധീരതയ്ക്കുള്ള പുരസ്കാരം പാക്കിസ്ഥാന്‍ അവരുടെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചത്. മരണാനന്തര ബഹുമതി 138 പേര്‍ക്ക്  നല്‍കണമെങ്കില്‍ കുറഞ്ഞത് അഞ്ഞൂറ് പേരെങ്കിലും ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിസാര കേടുപാടുകള്‍ ധര്‍ ഇക്കൂട്ടത്തില്‍ കണക്കാക്കിയിട്ടുമില്ല. നൂര്‍ ഖാര്‍ വ്യോമത്താവളത്തില്‍ നിന്ന് തീ ഉയരുന്നതിന്‍റെ വിഡിയോ പങ്കുവച്ച് പാക്കിസ്ഥാനിലെ ജനങ്ങളാണ്. 11 വ്യോമത്താവളങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. ഇതിന്‍റെ ചിത്രങ്ങളും വിഡിയോകളും ഇന്ത്യ പുറത്തുവിട്ടിരുന്നു. പക്ഷേ പാക്കിസ്ഥാന്‍ സ്വന്തം ജനങ്ങളോട് കള്ളം പറയുന്നത് തുടരുകയാണ്'- ധില്ലന്‍ പരിഹസിച്ചു.

പഹല്‍ഗാമില്‍ നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പാക് സ്പോണ്‍സേര്‍ഡ് ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തി. ഇതോടെയാണ് പാക് വ്യോമത്താവളങ്ങളിലേക്ക് ഇന്ത്യ ബ്രഹ്മോസ് ഉള്‍പ്പടെയുള്ളവ പ്രയോഗിച്ചത്. 

നൂര്‍ ഖാന്‍ വ്യോമത്താവളം ആക്രമിക്കപ്പെട്ടതായി മേയ് പത്തിന് പുലര്‍ച്ചെ രണ്ടരയോടെ തന്നെ സൈനിക മേധാവിയായ അസിം മുനീര്‍ വിളിച്ചറിയിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 45 സെക്കന്‍റാണ് പരമാവധി പാക്കിസ്ഥാന് ആലോചിക്കാന്‍ കിട്ടിയതെന്നും അതിനകം ബ്രഹ്മോസ് നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍ പതിച്ചിരുന്നുവെന്നും തുറന്ന് സമ്മതിച്ചത് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ റാണാ സനാവുള്ളയായിരുന്നു. പാക് വ്യോമത്താവളങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. 

ENGLISH SUMMARY:

Pakistan Foreign Minister Ishaq Dar admits that 80 drones rained fire on Pakistani military bases during India's Operation Sindoor. While Dar claims 79 drones were neutralized, he confirms major damage at the strategic Noor Khan Airbase in Rawalpindi and injuries to soldiers.