മദ്യത്തിന് നിരോധനമുള്ള പാക്കിസ്ഥാന്‍ മദ്യ കയറ്റുമതിക്ക് ഒരുങ്ങുന്നു. രാജ്യത്തെ പഴക്കം ചെന്ന ബ്രൂവറികളിലൊന്നായ മുരി ബ്രൂവറിക്കാണ് മദ്യകയറ്റുമതിക്കുള്ള ലൈസന്‍സ് ലഭിച്ചത്. ഇസ്‍ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ ഏറ്റവും പഴയ മദ്യ നിര്‍മാണത്തിനും ഉപയോഗത്തിനും വലിയ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങുന്ന പാക്കിസ്ഥാന്‍ വിദേശ നാണ്യം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് മദ്യ കയറ്റുമതിയിലേക്ക് കടക്കുന്നത്.
1860 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് മുരി ബ്രൂവറി ആരംഭിച്ചത്. 50 വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് കമ്പനിക്ക് മദ്യകയറ്റുമതിക്കുള്ള ലൈസന്‍സ് അനുവദിക്കുന്നത്. സ്ഥാപകരുടെ മൂന്നാം തലമുറയില്‍പ്പെട്ടവരാണ് നിലവില്‍ കമ്പനി നടത്തുന്നത്. വർഷങ്ങളായുള്ള കഠിനപരിശ്രമത്തിന്റെ ഫലമാണ് അനുമതിയെന്ന് ബ്രൂവറിയുടെ ചീഫ് എക്സിക്യൂട്ടീവുമായ ഇസ്ഫന്യാർ ഭണ്ഡാര പറഞ്ഞു.
കടം കയറി നില്‍ക്കുന്ന പാക്കിസ്ഥാന്‍ വിദേശ നാണ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്യ കയറ്റുമതിക്ക് അനുമതി നല്‍കുന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ഔദ്യോഗിക വസതിക്ക് എതിർവശത്തുള്ള അതീവ സുരക്ഷാ മേഖലയായ റാവൽപിണ്ടിയിലാണ് മുറി ബ്രൂവറി പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏകദേശം 890 കോടിയിലധികം രൂപ വരുമാനം ഉണ്ടാക്കുന്ന കമ്പനിയാണിത്. വരുമാനത്തിന്റെ പകുതിയിലധികവും മദ്യവിൽപ്പനയിൽ നിന്നാണ്. ബാക്കി വരുമാനം മദ്യേതര പാനീയങ്ങളിൽ നിന്നും കുപ്പികളുടെ നിർമാണത്തിൽ നിന്നുമാണ്.
മദ്യ നിര്‍മാണത്തിനും വിതരണത്തിനും പാക്കിസ്ഥാനില്‍ വലിയ നിയന്ത്രണങ്ങളുണ്ട്. അമുസ്‍ലിങ്ങള്‍ക്കും വിദേശികള്‍ക്കും മാത്രമെ പാക്കിസ്ഥാനില്‍ മദ്യനിര്‍മാണത്തിന് അനുമതിയുള്ളത്. ഈ നിയന്ത്രണങ്ങള്‍ക്കിടയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കയറ്റുമതി നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക എന്നിവയുൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് കമ്പനി മദ്യം വിതരണം കയറ്റുമതി ചെയ്തിരുന്നു.
2017-ൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി എത്തിയ ചൈനീസ് തൊഴിലാളികൾക്കായി മദ്യം ഉത്പാദിപ്പിക്കാൻ പാക്കിസ്ഥാന്‍ ചൈനീസ് ബ്രൂവറിക്ക് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുരി ബ്രൂവറി ലൈസന്‍സിനുള്ള പ്രവര്‍ത്തനം ശക്തമാക്കിയത്. നിലവില്‍ ജപ്പാന്‍, ബ്രിട്ടന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്ക് കമ്പനി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.