Image Credit : X/ Twitter
ട്വന്‍റി 20 ലോകകപ്പ് മല്‍സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ കടുത്ത നിരാശയിലാണ് പാക് ക്രിക്കറ്റ് ആരാധകര്‍. 61 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയില്‍ അക്ഷരാര്‍ത്ഥത്തില്‍ പാക് ക്രിക്കറ്റ് ലോകം ഞെട്ടി. തോല്‍വിയില്‍ നാണക്കേട് സഹിക്കാനാകാതെ ആരാധകരില്‍ ഒരാള്‍ ടെലിവിഷൻ സെറ്റുകൾ തല്ലിത്തകർക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ട്വന്‍റ്ി 20 ലോകകപ്പ് ചരിത്രത്തിലെ പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ മല്‍സരം. പാക്കിസ്ഥാന്‍റെ തോല്‍വിയുണ്ടാക്കിയ ആഘാതം മൂലം തനിക്ക് സംസാരിക്കാന്‍ പോലും ആകുന്നില്ലെന്ന് ടിവി തല്ലിപ്പൊട്ടിച്ച ആരാധകന്‍ പറയുന്നു. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെ കരുത്തില്‍, 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ, 114 റണ്‍സില്‍ പാക്കിസ്ഥാനെ എറിഞ്ഞിടുകയായിരുന്നു.
ഇഷാൻ കിഷൻ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് മല്‍സരത്തിന്‍റെ ഗതിതന്നെ മാറ്റിമറിച്ചത്. 40 പന്തിൽ 77 റൺസെടുത്ത ഇഷാന്‍ കിഷനാണ് മല്‍സരത്തിലെ താരം. ബുമ്രയുടെ ഇരട്ടപ്രഹരത്തില്‍ സയിം ആയൂബും സല്‍മാന്‍ ആഗയും വീണതോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ പ്രതിരോധത്തിലായി. 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ പുറത്തായതോടെ ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. 18 ഓവറില്‍ ഇന്ത്യന്‍ സ്കോറിന് 61 റണ്‍സ് അകലെ പാക്കിസ്ഥാന്‍ കീഴടങ്ങി.
പാക്കിസ്ഥാന്‍റെ ഈ തോല്‍വി ആരാധകരെ നിരാശരാക്കി. തോല്‍വി ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണെന്നായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് പാക് ആരാധകരുടെ പ്രതികരണം. 'മത്സരം ജയിക്കുമെന്നാണ് ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ഇതൊരു പതിവായി മാറിയിരിക്കുന്നു. ബുമ്രയോട് ഞങ്ങള്‍ക്ക് മറുപടിയില്ല. ഹാർദിക്കിനെ നേരിടാനും കഴിയുന്നില്ല. എല്ലായ്പ്പോഴും പോലെ ടീം ഇന്ത്യ നന്നായി കളിച്ചു' എന്നായിരുന്നു പാക് ആരാധകരില്‍ ഒരാള്‍ പ്രതികരിച്ചത്.