Image Credit: AFP

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ വീണ്ടും പാക്കിസ്ഥാനോട് യുദ്ധം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി. പാക്  പാര്‍ലമെന്‍റിന്‍റെ ജോയിന്‍റ് സിറ്റിങിനിടെയാണ് സര്‍ദാരി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. യുദ്ധത്തിലേക്ക് നീങ്ങുകയല്ല വേണ്ടതെന്നും, സമാധാന ചര്‍ച്ചകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ഇന്ത്യയോട് എനിക്ക് ഒന്നേ  പറയാനുള്ളൂ, യുദ്ധ നാടകത്തില്‍ നിന്ന് പിന്‍മാറി അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് തയാറാവണം. രാജ്യങ്ങളുടെ സുരക്ഷയ്ക്ക് അതുമാത്രമാണ് യഥാര്‍ഥ പോംവഴി' എന്നായിരുന്നു സര്‍ദാരിയുടെ വാക്കുകള്‍. 

പഹല്‍ഗാമില്‍ പാക് ഭീകരര്‍ 26 നിരപരാധികളുടെ ജീവനെടുത്തതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നല്‍കിയത്. ആദ്യം പാക് അധീന കശ്മീരിലും പാക്കിസ്ഥാനിലുമുള്ള ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് നിയന്ത്രിത ആക്രമണം നടത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഷെല്ലാക്രമണം നടത്തി. ഇതോടെയാണ് പാക് വ്യോമത്താവളങ്ങളിലേക്ക് ഇന്ത്യ ബ്രഹ്മോസടക്കം പ്രയോഗിച്ചത്.  സംഘര്‍ഷം നാലുദിവസം നീണ്ടുനിന്നു.

അതേസമയം, അഫ്ഗാനിസ്ഥാനുമായി നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്നും  പാക്കിസ്ഥാന്‍ ആരോപിക്കുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്‍ തയാറാകണമെന്നും സര്‍ദാരി ആവശ്യപ്പെട്ടു. ' മറ്റൊരു രാജ്യത്തിന്‍റെ കയ്യിലെ കളിപ്പാവയാകാന്‍ നില്‍ക്കരുത്' എന്നായിരുന്നു സര്‍ദാരി അഫ്ഗാനിസ്ഥാനോട് ഇന്ത്യയെ പരോക്ഷമായി വിമര്‍ശിച്ച് പറഞ്ഞത്.  

അതേസമയം, അഫ്ഗാനിസ്ഥാന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും യുദ്ധത്തില്‍ പങ്കില്ലെന്നും ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംഘര്‍ഷം ഉണ്ടായപ്പോള്‍ തന്നെ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. ' മൂന്നുകാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്, ഭീകര സംഘടനകളെ വളര്‍ത്തുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും പാക്കിസ്ഥാനാണ്. രണ്ട്, പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അയല്‍വാസികളെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്‍റെ ശീലമാണ്. മൂന്ന്, അഫ്ഗാനിസ്ഥാന്‍ സ്വതന്ത്ര പരമാധികാര രാജ്യമായി നിലനില്‍ക്കുന്നതില്‍ പാക്കിസ്ഥാന് നല്ല ബുദ്ധിമുട്ടുണ്ട്'' എന്നായിരുന്നു ഇന്ത്യയുടെ മറുപടി. പരിശുദ്ധ റമസാന്‍ മാസത്തില്‍ അഫ്ഗാനിസ്ഥാനോട് യുദ്ധം പ്രഖ്യാപിച്ച പാക് നടപടിയെയും ഇന്ത്യ നേരത്തെ അപലപിച്ചിരുന്നു. 

ENGLISH SUMMARY:

Addressing a joint session of the Parliament on March 2, 2026, Pakistan President Asif Ali Zardari claimed that India is preparing for another war following the success of 'Operation Sindoor.' Zardari urged India to move from the "war theatre" to meaningful negotiations for regional security. This escalation follows India's precision strikes in May 2025, which targeted nine terror camps in Pakistan and PoJK in retaliation for the Pahalgam terror attack that killed 26 civilians. Zardari also blamed India for the ongoing conflict with Afghanistan, labeling the Taliban government a "puppet." India, meanwhile, has rejected these claims, reiterating its zero-tolerance policy towards cross-border terrorism.