തത്സമയ കോമഡി പരിപാടിക്കിടെ വനിതാ സ്റ്റാന്‍ഡപ് കൊമേഡിയനെ സ്റ്റേജില്‍ക്കയറി കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിന്റെ വിഡിയോ വൈറലാകുന്നു. തനിക്കടുത്തേക്ക് വന്ന യുവാവിനെ താരം കൈകൊണ്ട് തള്ളിമാറ്റുന്നതും പിന്നാലെ നാടേതെന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. ആദ്യം താന്‍ ഇന്ത്യക്കാരനാണെന്ന് അവകാശപ്പെട്ട യുവാവിനോട് ഇന്ത്യയിലെവിടെ എന്ന് ചോദിച്ചതോടെ കള്ളി വെളിച്ചത്തായി. താന്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് പിന്നീടിയാള്‍ സമ്മതിക്കുന്നതും വിഡിയോയിലുണ്ട്.
സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ പെട്ടെന്നായിരുന്നു യുവാവിന്റെ വരവ്. സ്റ്റേജിലേക്ക് കയറിവന്ന് വനിതാതാരത്തെ ആലിംഗനം ചെയ്യാനായി വന്നു. ഉടന്‍ തന്നെ ഇയാളെ തള്ളിമാറ്റിയ ശേഷം കോമഡി താരം, താങ്കള്‍ എവിടെ നിന്നാണെന്ന് ചോദിക്കുന്നു. ഇന്ത്യ എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. ഇതുകേട്ട് പുഞ്ചിരിച്ച വനിതാ താരം തന്റെ കാമുകനും ഇന്ത്യക്കാരനാണെന്ന് പറയുന്നു, പിന്നാലെ യുവാവിനോട് ഏത് സംസ്ഥാനത്തുനിന്നാണെന്ന് ചോദിക്കുന്നു, ഈ ചോദ്യം വന്നതോടെ താന്‍ ഇന്ത്യക്കാരനല്ലെന്നും പാക്കിസ്ഥാന്‍ സ്വദേശിയാണെന്നും അയാള്‍ക്ക് സമ്മതിക്കേണ്ടി വന്നു.
വനിതാ താരം തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പല പാക്കിസ്ഥാനികളും വിദേശയാത്ര നടത്തുന്ന സമയത്ത് ഇന്ത്യക്കാരാണെന്ന് അവകാശപ്പെടാറുണ്ടെന്ന് പറഞ്ഞാണ് താരം വിഡിയോ പങ്കുവച്ചത്. ദേശീയത പോലും മറച്ചുവച്ച് വ്യാജമായി പെരുമാറുന്ന ആളുകളെക്കുറിച്ച് ഉള്‍പ്പെടെ വിഡിയോക്ക് താഴെ ചര്‍ച്ചകള്‍ നീണ്ടു. യുവാവിനെ വിടാതെ ചോദ്യം ചെയ്ത താരത്തിനെ പ്രശംസിച്ചും നിരവധി കമന്റുകള്‍ നിറയുന്നുണ്ട്. അയാൾ കള്ളം പറയുകയാണെന്ന് തുടക്കത്തിൽ തന്നെ തങ്ങൾക്ക് സംശയമുണ്ടായിരുന്നുവെന്ന് ചിലർ പ്രതികരിച്ചു. എന്നാല്‍ ഈ വ്യക്തിയുടെ പെരുമാറ്റത്തെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഇത് അയാളുടെ മാത്രം പ്രശ്നമാണെന്നും ചിലര്‍ പറയുന്നു.