അധിനിവേശ വെസ്റ്റ് ബാങ്കില്‍ റോഡരികില്‍ പ്രാര്‍ഥിക്കുകയായിരുന്ന പലസ്തീന്‍ പൗരനെ വാഹനമിടിപ്പിച്ച് ഇസ്രയേല്‍ സൈനികന്‍. കയ്യില്‍ തോക്കേന്തിയ ഇയാള്‍ വാഹനം ഇടിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോയിലുള്ളയാള്‍ റിസര്‍വ് സൈനികനാണെന്നും സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
എടിവി വാഹനം ഉപയോഗിച്ച് സൈനികന്‍ പലസ്തീന്‍ പൗരനെ ഇടിച്ചു വീഴ്ത്തുന്നത് വിഡിയോയിലുണ്ട്. സാധാരണ വേഷം ധരിച്ച സൈനികന്‍ വാഹനം പിന്നോട്ടെടുത്ത് പോവുകയും പലസ്തീന്‍ പൗരനോട് പ്രദേശത്ത് നിന്ന് പോകാന്‍ ആഗ്യം കാണിക്കുകയും ചെയ്യുന്നുണ്ട്. പലസ്തീന്‍ പൗരന് കാര്യമായ പരുക്കുകളില്ല. ഇസ്രയേല്‍ സൈനികന്‍ മകന്‍റെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ചതായി ആക്രമണത്തിന് ഇരയായ യുവാവിന്‍റെ പിതാവ് മജിക് അബു അഖോ പറഞ്ഞു.
ആക്രമണം നടത്തിയയാൾ കുടിയേറ്റക്കാരനാണെന്നും ഗ്രാമത്തിലെ റോഡ് തടസ്സപ്പെടുത്തുകയും താമസക്കാരെ പ്രകോപിപ്പിക്കുയും ചെയ്യാറുണ്ടെന്നും അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു. ഇയാളെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത് അഞ്ചു ദിവസത്തെ വീട്ടുതടങ്കലിലാക്കി.