40 വര്‍ഷം മുന്‍പ് കാണാതായ തങ്ങളുടെ വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി കിഴക്കൻ ലെബനനിൽ ഇസ്രയേല്‍ നടത്തിയ ഓപ്പറേഷനിൽ 41 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം. ബെക്കാ താഴ്‌വരയിലെ നബി ഷീറ്റ് പട്ടണം ലക്ഷ്യമിട്ട് രാത്രിയിലായിരുന്നു ആക്രമണം. മരിച്ചവരിൽ മൂന്ന് ലെബനൻ സൈനികരും ഉൾപ്പെടുന്നു. ഇസ്രയേല്‍ സൈനികരും ഹിസ്ബുള്ള ഗ്രൂപ്പും തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
1986-ൽ ഒരു ദൗത്യത്തിനിടെ ലെബനനിൽ കാണാതായ ഇസ്രയേല്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ റോൺ ആരാദിന്‍റെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കുക എന്നതായിരുന്നു നബി ചിറ്റിലെ ഓപ്പറേഷന്‍റെ ലക്ഷ്യം. ഇസ്രയേലിന്‍റെ സൈനിക രഹസ്യങ്ങളുമായി ഈ ഓപ്പറേഷന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോൺ ആരാദ് സഞ്ചരിച്ച യുദ്ധവിമാനം ലെബനന് മുകളില്‍ തകർന്നുവീഴുകയും അദ്ദേഹം പിടിക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തെന്നാണ് അനുമാനം. വിമാനം ഹിസ്ബുള്ള ഗ്രൂപ്പ് വെടിവച്ചിടുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങൾ ഒരിക്കലും കണ്ടെടുത്തിട്ടില്ല.
വെള്ളിയാഴ്ച രാത്രി വൈകി സിറിയയുമായുള്ള ലെബനൻ അതിർത്തിയിൽ നാല് ഇസ്രായേല്‍ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടതായി ലെബനൻ സൈന്യം പറയുന്നു. അവയിൽ രണ്ടെണ്ണത്തില്‍ നിന്നും സൈനികര്‍ ഇറങ്ങിവരികയും അതേസമയം, തന്നെ വലിയ തോതിലുള്ള വ്യോമാക്രണമുണ്ടായതായുമാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നേരത്തെ തന്നെ ഇസ്രയേൽ സൈന്യം പലായന മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് കുട്ടികളെ മാറ്റിയിരുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം പ്രത്യേക ഓപ്പറേഷനിലും ആരാദിന്‍റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്താന്‍ ഇസ്രയേല്‍ സേനനയ്ക്ക് കഴഞ്ഞിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
യുദ്ധത്തിനിടെ പിടിക്കപ്പെട്ടവരേയും കാണാതായവരെയും തുടങ്ങി ഇസ്രയേലിന്‍റെ എല്ലാ മക്കളെയും തിരികെ ഇസ്രയേലിലേക്ക് കൊണ്ടുവരാനുള്ള ആഴമായ പ്രതിബദ്ധതയിൽ ഐഡിഎഫ് രാവും പകലും കര്‍മ്മനിരതരായിരിക്കുമെന്ന് ഇസ്രയേല്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ദൗത്യം വിജയിച്ചില്ലെങ്കിലും, കാണാതായ എല്ലാ സൈനികരെയും കണ്ടെത്തുന്നതിൽ ഇസ്രയേൽ പ്രതിജ്ഞാബദ്ധരാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പ്രതികരണം.