റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസുമായി നടന്ന വ്യാപാരക്കരാറിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തിയാല്‍ നിലവിലെ ഇറക്കുമതിത്തീരുവ 50 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ട്രംപ് കുറച്ചേക്കുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലെത്തിയെന്നാണ് സൂചന.
റഷ്യന്‍ എണ്ണ വാങ്ങുന്നത് പടിപടിയായി കുറയ്ക്കാമെന്ന് മോദി സമ്മതിച്ചതായി ട്രംപ് നാലാമതും അവകാശപ്പെട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യുക്രെയ്ന്‍–റഷ്യ യുദ്ധം അവസാനിച്ച് കാണാന്‍ നരേന്ദ്രമോദിയും ആഗ്രഹിക്കുന്നുവെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാമെന്ന് മോദി സമ്മതിച്ചുവെന്നുമാണ് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ട്രംപ് പറഞ്ഞത്. ഓവല്‍ ഓഫിസിനുള്ളില്‍ ദീപങ്ങള്‍ തെളിയിച്ചായിരുന്നു ട്രംപിന്‍റെ ആഘോഷം. അന്ധകാരത്തെ പ്രകാശം കീഴടക്കിയ വിശ്വാസത്തിന്‍റെ ഓര്‍മയാണ് ദീപാവലിയെന്നും ട്രംപ് വിശേഷിപ്പിച്ചു.
മോദി തന്‍റെ ഉറ്റ സുഹൃത്താണെന്നും യുഎസ് പ്രസിഡന്‍റ് പുകഴ്ത്തി. 'ആദ്യം എണ്ണ വാങ്ങുന്നത് കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്യും'- എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും യുഎസുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്. പ്രധാനമന്ത്രി മോദിയുമായി ഞാന്‍ സംസാരിച്ചു. നല്ല ബന്ധത്തിലാണ് ഞങ്ങളിപ്പോള്‍'- എന്നും ട്രംപ് വിശദീകരിച്ചു. ട്രംപിന്‍റെ ദീപാവലി ആശംസയ്ക്കും ഫോണ്‍ കോളിനും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.
50 ശതമാനം ഇറക്കുമതിതീരുവയാണ് നിലവില്‍ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ചുമത്തിയിരിക്കുന്നത്. ഇതില്‍ 25 ശതമാനം റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധ സൂചകമായി ചേര്‍ത്തതാണ്. മേയിലുണ്ടായ ഇന്ത്യ–പാക് സംഘര്‍ഷം താന്‍ വ്യാപാരക്കാരാര്‍ വച്ച് സംസാരിച്ചത് കൊണ്ട് മാത്രം ഭീകരമായ സ്ഥിതിയിലേക്ക് പോകാതിരുന്നതാണെന്നും ട്രംപ് നേരത്തെ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.
അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ട്രംപിന്‍റെ അവകാശവാദങ്ങളെ നേരത്തെ തന്നെ ഇന്ത്യ നിഷേധിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും പരമാധികാരത്തിന്‍മേല്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കേണ്ടെന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ ട്രംപിന്‍റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.